റിയാദ് – വ്യാഴാഴ്ച കിംഗ് സൗദ് യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ തൗറാത്തിന്റെയടക്കം വിവിധ ഗ്രന്ഥങ്ങളുടെ അപൂർവ പ്രതികൾ. ജൂതൻമാരുടെ വിശുദ്ധ ഗ്രന്ഥമായ ഹിബ്രു ഭാഷയിലുള്ള തൗറാത്തിന്റെ കോപ്പിയാണ് പവിലിയനിലെ താരം. തോൽ ഷീറ്റിലെഴുതിയ ഈ തൗറാത്ത് പ്രത്യേക ഗ്ലാസ് ബോക്സിലാണ് സൂക്ഷിച്ചിട്ടുള്ളത്. അതിന്റെ വിശദീകരണം ഈ ഷീറ്റിന്റെ സൈഡിൽ ഹിബ്രു ഭാഷയിൽ എഴുതിയിട്ടുണ്ട്. 40 മീറ്റർ നീളവും 90 സെന്റിമീറ്റർ വീതിയുമുണ്ടിതിന്. 16 ാം നൂറ്റാണ്ടിൽ എഴുതിയതാണെന്നാണ് നിഗമനം. കിംഗ് അബ്ദുൽ അസീസ് ലൈബ്രറി കോംപ്ലക്സ്, കിംഗ് സൽമാൻ ലൈബ്രറി, കിംഗ് ഫഹദ് ലൈബ്രറി എന്നിവയുടെ പവിലിയനിലാണ് ഈ അപൂർവ ഗ്രന്ഥമുള്ളത്.
അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരം നിർമിച്ച കിസ്വ.
1347 ൽ സൗദി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരം നിർമിച്ച കഅ്ബയുടെ കിസ്വയും പ്രദർശനത്തിനുണ്ട്. കിസ്വ നിർമിക്കാൻ ഫാക്ടറി നിർമിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ശേഷം അതിൽ നിർമിച്ച ആദ്യ കിസ് വയാണിത്. തിരുഗേഹങ്ങളുടെ സേവകൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരം മക്കയിൽ നിർമിച്ച കിസ്വയാണിതെന്ന് എഴുതിവെച്ചിട്ടുണ്ട്. അബ്ദുറഹീം അമീൻ എന്ന നെയ്ത്തുകാരനാണ് ഇത് നെയ്തത്. മദീനയിലെ കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ്സിൽ നിന്നാണിത് റിയാദിൽ എത്തിച്ചിരിക്കുന്നത്.
അതേസമയം ഇത്തവണത്തെ പുസ്തക മേളക്ക് കേരളത്തിൽനിന്ന് പ്രസാധകരെത്തിയില്ല. നേരത്തെ അനുമതിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മലയാളം പ്രസാധകരുണ്ടായിരുന്നു. ഡി.സി ബുക്സ്, ഹരിതം, ഒലിവ് തുടങ്ങിയ ആറോളം പ്രസാധകരാണ് കഴിഞ്ഞ വർഷമുണ്ടായിരുന്നത്.
2023 October 1Saudititle_en: Riyadh Book Fair: No Malayalam publishers this time; The Hebrew Torah attracts visitors