ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്ത് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസമായി. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. സംഭവം നിരവധി തവണ വാട്ടർ അഥോറിറ്റിയെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. മേരികുളം ടൗണിൽ ഓട്ടോ സ്റ്റാൻഡിലാണ് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് അയ്യപ്പൻകോവിലിൽ കുടിവെള്ള വിതരണം നടത്തുന്നത്. പൈപ്പ് മിക്കയിടത്തും പൊട്ടി കുടിവെള്ളം പാഴാകുന്നത് സ്ഥിരം കാഴ്ചയാണ്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനാൽ വീടുകളിൽ വെള്ളം എത്തുന്നില്ല. അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി വെള്ളം പാഴാകുന്നത് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.