തൃശൂര്‍: മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി പി ആര്‍ ശേഷാദ്രി ചുമതലയേറ്റു. ഇന്ത്യയിലും വിദേശത്തുമായി 25 വര്‍ഷക്കാലത്തെ അനുഭവ സമ്പത്തുമായാണ് പുതിയ പദവിയിലെത്തുന്നത്. നേരത്തെ സിറ്റി ഗ്രൂപ്പ്, കരൂര്‍ വൈശ്യ ബാങ്ക് എന്നിവിടങ്ങളില്‍ നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്. നയിക്കുന്ന സ്ഥാപനങ്ങളെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിലും മികച്ച പരിവര്‍ത്തനം സാധ്യമാക്കുന്നതിലുമുള്ള മികവ് ബാങ്കിങ് രംഗത്ത് പി ആര്‍ ശേഷാദ്രിയെ ശ്രദ്ധേയനാക്കുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്  ഓഫീസറുമായ തോമസ് ജോസഫ് കെ പുതിയ മേധാവി ശേഷാദ്രിയെ സ്വാഗതം ചെയ്തു. ‘പുതിയൊരു നേതൃയുഗത്തിന് തുടക്കം കുറിക്കുകയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ശ്രീ ശേഷാദ്രിയെ അഭിമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ദീര്‍ഘവീക്ഷണവും മികച്ച പ്രകടനവും കൊണ്ട് ബാങ്കിങ് മേഖലയുടെ ഭാവിയെ തൊട്ടറിയുന്ന മികവ് അദ്ദേഹത്തിനുണ്ട്. ഈ വൈദഗ്ധ്യം എസ്‌ഐബിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കും. കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത സമീപനങ്ങളിലൂടെ വളര്‍ച്ചയെ പുനര്‍നിര്‍വചിച്ച്, ഫിനാന്‍സ് രംഗത്തെ പുതിയ സാധ്യതകളെ നമുക്കൊരുമിച്ച് പ്രയോജനപ്പെടുത്താം,’ അദ്ദേഹം പറഞ്ഞു.
സമ്പന്നമായ പാരമ്പര്യം കൈമുതലാക്കി ബിസിനസ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും, സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയും പുതിയൊരു വളര്‍ച്ചയിലേക്കുള്ള പ്രയാണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ലഭിച്ച അവസരത്തെ സവിശേഷമായി കാണുന്നുവെന്ന് ചുമതലയേറ്റെടുത്ത ശേഷം പി ആര്‍ ശേഷാദ്രി പറഞ്ഞു.
‘ബാങ്കിലെ പ്രതിഭാധനരായ പ്രൊഫഷനലുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ്. മാറിക്കൊണ്ടിരിക്കുന്ന ധനകാര്യ മേഖലയില്‍ സമാനതകളില്ലാത്ത സേവനങ്ങളും നൂതന പരിഹാരങ്ങളും ഉപഭോക്താക്കളിലെത്തിക്കാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം,’ അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറായ  ശേഷാദ്രി ബാംഗ്ലൂര്‍ ഐഐഎമ്മില്‍ നിന്നാണ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ നേടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed