ഇടുക്കി: ഉപ്പുതറ കണ്ണംപടി ഗവ.ട്രൈബൽ ഹൈസ്‌കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി രക്ഷാകർത്താക്കൾ നൽകിയ പരാതിയിൽ നടപടി. സ്‌കൂളിലെ രണ്ട് അധ്യാപകരെ സ്ഥലംമാറ്റി. സ്‌കൂളിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളൊന്നുമില്ലെന്ന തെറ്റായ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് നൽകിയ അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

പ്രഥമാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന നിത്യകല്യാണി, സീനിയർ അസിസ്റ്റന്റ് സ്വപ്ന രാജു എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഒരാളെ കുഞ്ചിത്തണ്ണിക്കും മറ്റേയാളെ തോപ്രാംകുടിക്കുമാണ് മാറ്റിയത്. കോഴിക്കോടു സ്വദേശി പി.കെ.മഹേഷിന് പ്രഥമാധ്യാപകനായി നിയമനംനൽകി. അധ്യാപകർ തെറ്റായ റിപ്പോർട്ട് നൽകിയത് ചൂണ്ടിക്കാട്ടി സ്‌കൂൾ പി.ടി.എ. പ്രസിഡന്റിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കളുടെ പ്രതിനിധിസംഘം വിദ്യാഭ്യാസ, പട്ടികവർഗ വകുപ്പു മന്ത്രിമാരെ കണ്ട് പരാതിനൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ 25-ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.വിജയ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഇതിനു പിന്നാലെയാണ് നടപടി. അന്വേഷണ റിപ്പോർട്ട് മന്ത്രിമാർക്കും നൽകിയിട്ടുമുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത സ്‌കൂളിന്റെ ശോച്യാവസ്ഥ ഒരുവർഷം മുൻപ് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത അടിസ്ഥാനമാക്കി പൊതുപ്രവർത്തകനായ ഡോ.ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി. എന്നാൽ പട്ടികവർഗ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എല്ലാം ഭദ്രമാണെന്ന റിപ്പോർട്ടാണ് കമ്മിഷന് നൽകിയത്. പ്രഥമാധ്യാപികയുടെ ചുമതലയുള്ള സീനിയർ അസിസ്റ്റന്റ് സഹാധ്യാപകരോടുപോലും അഭിപ്രായംതേടാതെ തയ്യാറാക്കിയ റിപ്പോർട്ടാണ് വകുപ്പുമേധാവികൾ അതേപടി കമ്മിഷനു നൽകിയത്. സ്‌കൂളിന്റെ ഉടമസ്ഥാവകാശമുള്ള ജില്ലാ പഞ്ചായത്ത് മാത്രമാണ് ശോച്യാവസ്ഥ ശരിവെച്ച് റിപ്പോർട്ട് നൽകിയത്.
ഇതോടെ രക്ഷാകർത്താക്കളും റിപ്പോർട്ട് തയ്യാറാക്കിയ രണ്ട് അധ്യാപകരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടായി. പ്രശ്‌നം പരിഹരിക്കാൻ പി.ടി.എ.പ്രസിഡന്റ് നടത്തിയ ശ്രമങ്ങൾ അധ്യാപകരുടെ നിലപാട് കാരണം പരാജയപ്പെട്ടു. രണ്ടാഴ്ച മുൻപ് ചേർന്ന പി.ടി.എ. കമ്മിറ്റിയിൽ ഈ അധ്യാപകരും രക്ഷാകർത്താക്കളും തമ്മിൽ ഉണ്ടായ വാക്കുതർക്കം അതിരുവിടുന്ന സ്ഥിതിവരെയുണ്ടായി. 

By admin

Leave a Reply

Your email address will not be published. Required fields are marked *