ഇടുക്കി: അഞ്ചുനാടൻ ഗ്രാമങ്ങളിൽ ആദ്യ ചരിത്രസെമിനാറുമായി വെള്ളാള ആർട്‌സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ.മറയൂർ ഗ്രാമം, കീഴാന്തൂർ, കാരയൂർ, കാന്തല്ലൂർ എന്നീ ഗ്രാമങ്ങളും തമിഴ്‌നാട്ടിൽ ബോഡിക്കടുത്തുള്ള കൊട്ടകുടി എന്നീ ഗ്രാമവും ചേർന്നതാണ് അഞ്ചുനാടൻ ഗ്രാമങ്ങൾ.
പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും കൈവിടാതെ വെള്ളാള സമൂഹത്തെപ്പറ്റി പുതു തലമുറയ്ക്ക് ബോധവത്കരണം നടത്തുന്നതിനായി അഞ്ചു ഗ്രാമങ്ങളിലെയും ഗ്രാമമുഖ്യൻമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ചരിത്രസെമിനാർ സംഘടിപ്പിച്ചത്. കീഴാന്തൂർ സത്രം ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ആദ്യമായിട്ടാണ് ഗ്രാമപാരമ്പര്യം നിലനിർത്തുന്നതിനുവേണ്ടി ഒരു സെമിനാർ മേഖലയിൽ സംഘടിപ്പിച്ചത്. വെള്ളാളസമുദായത്തിന്റെ സംസ്‌കാരം, പാരമ്പര്യം, തനിമ, ചരിത്രം എന്നിവയെകുറിച്ച് വിശദമായ ചർച്ച സെമിനാറിൽ നടന്നു. അഞ്ചു ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വെള്ളാള സമുദായത്തിന്റെ നിലനില്പിനെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളും സെമിനാറിൽ ഉന്നയിക്കപ്പെട്ടു.
ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനു വേണ്ടി ഗ്രാമങ്ങളിൽ പ്രത്യേകമായും കൂട്ടമായും വിശദമായ ചർച്ചകൾ നടത്തുവാൻ സെമിനാറിൽ തീരുമാനമായി. അഞ്ചു ഗ്രാമങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. വെള്ളാള ആർട്ട്‌സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ രക്ഷാധികാരി രതീഷ് നാരായണൻ, സെക്രട്ടറി അജീഷ് രാമനാഥൻപിള്ള, വിവിധ ഗ്രാമങ്ങളിലെ ഗ്രാമമുഖ്യൻമാർ എന്നിവർ നേതൃത്വംനൽകി.