ഇടുക്കി: കാഞ്ചിയാറിൽ ശക്തമായ മഴയിൽ വീടുതകർന്നു. കോഴിമല സ്വദേശി സുമേഷ് ഫിലിപ്പിന്റെ വീടാണ് തകർന്നത്. വീട് ഇടിയുന്നത് കണ്ട സുമേഷും ഭാര്യയും കുട്ടികളുമായി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി.
അടുക്കള ഇടിയുന്നത് കണ്ട് മൂന്നര വയസും ഒന്നര വയസും പ്രായമുള്ള കുഞ്ഞുങ്ങളുമായി ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. മഴയിൽ വീട് പൂർണമായും തകർന്നു. തുടർന്ന് ഇവർ സമീപത്തെ ഷെഡിലേക്ക് താൽകാലികമായി താമസം മാറി. മഴ തുടരുന്നതിനാൽ ഇവരെ ഉടൻ തന്നെ പുനരധിവസിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ യെലോ അലർട് നിലവിലുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലകൾ, ഇടിമിന്നൽ എന്നിവക്കുള്ള ജാഗ്രതാ നിർദേശവും നിലവിലുണ്ട്.