ദുബായ്: കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ യു എ ഇയിലെ ആലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് അണിയിച്ചൊരുക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷങ്ങൾക്ക് ദുബായ് മില്ലേനിയം സ്കൂളിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്‌ഘാടനം ചെയ്തു.
കേരളത്തിന് വെളിയിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, പ്രതിഫലേച്ഛയൊന്നും ആഗ്രഹിക്കാത്ത ഒരുപറ്റം നന്മവറ്റാത്ത മലയാളികളെ നേരിട്ടറിയാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു ഉദ്‌ഘാടനപ്രസംഗത്തിൽ അടൂർ പ്രകാശ് സൂചിപ്പിച്ചു.
പ്രവാസ ലോകത്തെ സ്പന്ദനങ്ങൾക്കു കാതോർക്കാനും നന്മയും സ്നേഹവും സമൂഹത്തിനാകെ നൽകാനും സദാ സന്നദ്ധരായ പ്രവർത്തനോന്മുഖമായ പ്രവർത്തകരുടെ ആകെത്തുകയാണ് അക്കാഫ് എന്ന് പ്രസംഗമധ്യേ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ സൂചിപ്പിച്ചു.
നിരവധി മാസങ്ങളായി നടന്നുവരുന്ന അതികഠിനമായ പ്രവർത്തനങ്ങളുടെ സാക്ഷാത്കാരമാണ് ഇവിടെ ആവിഷ്ക്കരിക്കപ്പെടുന്ന കലാമത്സരങ്ങളെന്നും അവർക്കു വേണ്ടുന്ന പ്രോത്സാഹനം സദസ്സ് നൽകണമെന്നും അക്കാഫ് ഗ്ലോബൽ ഓണം ജനറൽ കൺവീനർ മനോജ് ജോൺ അഭ്യർഥിച്ചു.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് കൃതജ്ഞത പ്രകാശിപ്പിച്ച ചടങ്ങിൽ അക്കഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി,വൈസ് ചെയർമാൻ അഡ്വ ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ ആഷിക് തൈക്കണ്ടി, ശ്യാം, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് വനിത വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, കൾച്ചറൽ കോഓർഡിനേറ്റർ വി സി മനോജ്, പ്രോഗ്രാം എക്‌സ്‌കോം ശ്രീജ സുരേഷ്, കോമ്പറ്റിഷൻ കമ്മിറ്റി കൺവീനർ ഷെമിൻ റഫീഖ്, എക്‌സ്‌കോം അംഗം ഷെഫി, ഓണം ജോയിന്റ് ജനറൽ കൺവീനേഴ്‌സ് സൂരജ്, സജി പിള്ള, വിദ്യ പുതുശ്ശേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്ഥലം മാറി പോകുന്ന ദുബായ് ഇന്ത്യൻ കോൺസുലാർ ജനറൽ ഡോ അമൻ പുരിക്ക് അക്കാഫ് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി. അതിരാവിലെ ഏഴു മണി മുതൽ തുടക്കം കുറിച്ച കലാമത്സരങ്ങൾക്ക് മത്സരാർത്ഥികളുടെ അഭൂതപൂർവമായ തെരക്കായിരുന്നു അനുഭവപ്പെട്ടത്. അൻപത്തിയാറോളം പൂക്കളങ്ങളങ്ങളിൽ വിരിഞ്ഞിറങ്ങിയ വീറും വാശിയും പൂക്കള മത്സര വിജയികളെ കണ്ടെത്താൻ വിധികർത്താക്കൾക്കു ഏറെ പ്രയാസപ്പെടേണ്ടി വന്നു.
അടുക്കളയിൽ നിന്നും അരങ്ങെത്തിയ വിവിധയിനം രുചിയൂറും പായസങ്ങളുടെ മത്സരം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. സംഘഗാനം, സംഘനൃത്തം, തിരുവാതിര, ഗ്ലോബൽ സ്റ്റാർ തുടങ്ങി നിരവധി കലാമത്സരങ്ങൾ സമയ ബന്ധിതമായി അവതരിപ്പിക്കുന്നതിൽ സംഘാടക സമിതി ഏറെ മുന്നിലായിരുന്നു. മത്തരാർഥികൾക്കു കൈ നിറയെ സമ്മാനങ്ങളും ക്യാഷ് പ്രൈസും സമ്മാനിച്ചു.
ഒക്ടോബർ എട്ടിന് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ആവണിപോന്നോണം കോളേജുകളുടെ ഘോഷയാത്രയും, തൃക്കായ ബാൻഡിന്റെ കേരളത്തിന് വെളിയിലുള്ള ആദ്യ അവതരണവും, പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക സമ്മേളനവും, നൂറിലധികം രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസ മലയാളി സാന്നിധ്യവും, മലയാള സിനിമയിലെ പ്രശസ്ത താരം ഹണി റോസിന്റെ സാന്നിധ്യവും, അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിക്കുന്ന ഗാന സന്ധ്യയും അക്കാഫ് ഓണാഘോഷങ്ങൾക്ക് മികവേകും.