തിരുവനന്തപുരം: സർക്കാരിന്റെ പ്രതിച്ഛായ കളയുന്ന തരത്തിൽ, സംസ്ഥാനത്ത് വൻതോതിൽ തൊഴിൽ തട്ടിപ്പുകൾ അരങ്ങേറുന്നു. കിഫ്ബി, ചവറ കെ.എം.എം.എൽ, തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന്റെ വിവരങ്ങൾ ഇതിനകം പുറത്തുവന്നു.
കൂടുതൽ വകുപ്പുകളിലും സ്ഥാപനങ്ങളിലും നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയാണിപ്പോൾ.
സർക്കാർ വകുപ്പുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിപ്പു നടത്തുന്ന സംഘത്തിൽ പെട്ടയാളാണ്, ആരോഗ്യ വകുപ്പിൽ ഡോക്ടർ നിയമനത്തിന് കോഴയിടപാടിന് ഇടനിലക്കാരനായ അഖിൽ സജീവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇയാളുടെ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് പുറമേ ധനകാര്യ വകുപ്പിന് കീഴിലെ കിഫ്ബിയിലും വ്യവസായ വകുപ്പിന് കീഴിലെ കൊല്ലം ചവറ കെ.എം.എം.എല്ലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതിൽ അഖിലിനെതിരേ പരാതികൾ ഉയരുന്നുണ്ട്.
കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിയിൽ നിന്ന് 10ലക്ഷം തട്ടിയെടുത്തെന്നാണ് അഖിലിനെതിരായ പരാതികളിലൊന്ന്. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് മറ്റ് അഞ്ച് പേരിൽ നിന്നും ചവറ കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്നും അഖിൽ 10ലക്ഷം വീതം തട്ടിയെടുത്തെന്ന് പോലീസിന് വിവരം കിട്ടി.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള അഖിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരിക്കെയാണ് അഖിൽ ഈ തട്ടിപ്പുകൾ നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
സർക്കാർ സർവീസിൽ ജോലിയുണ്ടായിരുന്ന റാന്നി സ്വദേശിയുടെ എം കോം പാസായ മകൾക്ക് കിഫ്ബിയിൽ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്താണ് 10 ലക്ഷം തട്ടിയത്. മൂന്നര ലക്ഷം രൂപ ട്രഷറി മുഖേനയും മൂന്നേകാൽ ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും രണ്ടേകാൽ ലക്ഷം രൂപ ഫോൺ പേ വഴിയും ഒരു ലക്ഷം രൂപ പണമായി നേരിട്ടും കൈമാറി.
മകൾക്ക് നിയമനം ലഭിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് ഉത്തരവ് വാങ്ങാൻ മകളും കുടുംബവുമായി അദ്ദേഹം തിരുവനന്തപുരത്തേക്ക് കാറിൽ നടത്തിയ യാത്രയിൽ പത്തനംതിട്ടയിൽ നിന്ന് അഖിൽ സജീവും ഒപ്പം കൂടി. സെക്രട്ടറിയേറ്റിന് സമീപത്തെ കിഫ്ബി ഓഫീസിന് മുന്നിൽ കാർ നിർത്തി.
അവിടെ എത്തിയ ദീപു എന്ന പേരു പറഞ്ഞയാൾ നിയമന രജിസ്റ്റർ എന്ന പേരിൽ നീട്ടിയ ബുക്കിൽ ഉദ്യോഗാർത്ഥിയെക്കൊണ്ട് ഒപ്പിടുവിച്ചു. കിഫ്ബി ഓഫീസിൽ പണി നടക്കുന്നതിനാൽ അകത്തേക്കു കയറാനാകില്ലെന്നും കുറച്ചുനാൾ ഓൺലൈനായി ജോലി ചെയ്യണമെന്നും പറഞ്ഞ് കുടുംബത്തെ തിരിച്ചയച്ചു. അഖിൽ അവിടെയിറങ്ങി.
പിന്നീട് ടാക്സ് സംബന്ധമായ ചില ഷീറ്റുകൾ ഓൺലൈനായി ഉദ്യോഗാർത്ഥിക്ക് അയച്ചുകൊടുത്തു. അതിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി തിരിച്ചയക്കാൻ നിർദേശിച്ചു. എന്നാൽ, പെൺകുട്ടിക്ക് പല സംശയങ്ങളും ഉണ്ടായാതിനാൽ ടാക്സ് വിദഗ്ദ്ധരെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. കിഫ്ബിയിലെ ഓഫീസർ എന്നു പരിചയപ്പെടുത്തിയ ആളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ അഖിൽ സജീവിനെ ബന്ധപ്പെട്ടപ്പോൾ താൻ സ്ഥലത്തില്ലെന്നും നിങ്ങൾക്ക് ലഭിച്ച നിയമന ഉത്തരവ് കിഫ്ബിയുടേതു തന്നെയാണെന്നും പറഞ്ഞു. കിഫ്ബിയിൽ നിന്ന് അങ്ങനെ നിയമനം നടത്തിയിട്ടില്ലെന്ന് പിന്നീടറിഞ്ഞു.
പെൺകുട്ടിയുടെ പിതാവ് സി.പി.എം, സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. സി.ഐ.ടി.യു ഓഫീസിലെ പണം തട്ടിയതിന് അഖിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നു നേതൃത്വം അറിയിച്ചു.
അഖിലിനെ പിടികൂടാൻ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് തീവ്രശ്രമത്തിലാണ്. ഇയാളുടെ ടവർ ലൊക്കേഷൻ കണ്ടെത്തി പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒളിവിലിരുന്ന് വാർത്താ ചാനലുകൾക്ക് വീഡിയോ സന്ദേശത്തിലൂടെ താൻ നിരപരാധിയാണെന്ന് വരുത്താൻ അഖിൽ സജീവ് ശ്രമിക്കുന്നുണ്ട്.
ഇയാളുടെ ഫോൺ കഴിഞ്ഞ ദിവസം വരെ ഓൺലൈനിലുണ്ടായിരുന്നെങ്കിൽ ഇന്നലെ ഓഫായ നിലയിലാണ്. അഖിലിന്റെ ഒളിയിടം ഉടൻ കണ്ടെത്തുമെന്ന് കന്റോൺമെന്റ് പോലീസ് പറഞ്ഞു.