കുവൈത്ത്: സൗദി അറേബ്യക്കും കുവൈത്തിനും ഇടയിയിലുള്ള റെയിൽവേക്ക് സൗദി ക്യാബിനറ്റിന്റെ അംഗീകാരം. കുവൈത്തിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്.
ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് ഈ പദ്ധതി. ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനം അംഗീകാരം നൽകിയത്.
ഈ റെയിൽവേ ലിങ്ക് പ്രോജക്ടിന്റെ കരട് കരാറുമായി ബന്ധപ്പെട്ട് കുവൈത്ത് ഗതാഗത മന്ത്രിയുമായി ചർച്ച നടത്താൻ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയെ സൗദി മന്ത്രിസഭ മുമ്പ് ചുമതലപ്പെടുത്തിയിരുന്നു.
അതനുസരിച്ച് തയാറാക്കിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന റെയിൽവേ പദ്ധതിയുടെ അന്തിമ കരാർ മന്ത്രി സാലെഹ് അൽജാസർ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു.
വൈകാതെ റെയിൽവേ നിർമാണം ആരംഭിക്കും. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത ചരക്കു നീക്കങ്ങൾ സുഗമമാകും .