ഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയര്‍സ്‌റ്റൈലുമായി സ്ത്രീകള്‍ മുന്നോട്ട് വരുമെന്ന ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖിയുടെ പരാമര്‍ശം വിവാദത്തില്‍.
ഈ മാസം ആദ്യമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ രാജ്യസഭ പാസാക്കിയത്. ബിഹാറിലെ മുസാഫര്‍പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന.
ലിപ്സ്റ്റിക്കുകളും ബോബ് കട്ട് ഹെയര്‍സ്‌റ്റൈലുകളുമുള്ള സ്ത്രീകള്‍ വനിതാ സംവരണത്തിന്റെ പേരില്‍ മുന്നോട്ടുവരുമെന്നും പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കണമെന്നും അബ്ദുള്‍ ബാരി സിദ്ദിഖി പറഞ്ഞു.
കൂടാതെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ആര്‍ജെഡി നേതാവ് അനുയായികളോട് നിര്‍ദ്ദേശിച്ചു.
തലച്ചോര്‍ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവകാശങ്ങള്‍ക്കായി പോരാടണമെന്ന് സിദ്ദിഖി അനുയായികളോട് അഭ്യര്‍ത്ഥിച്ചു.
‘പൂര്‍വ്വികരോടുള്ള അനാദരവ് ഓര്‍ത്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി പോരാടണം’ – അദ്ദേഹം പറഞ്ഞു.