ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം അംഗീകരിച്ച് ഒരുമിച്ച് താമസിച്ചുപോന്ന ഭാര്യക്ക് പിന്നീട് അതിനെ ക്രൂരതയെന്ന് പറഞ്ഞ് ആരോപിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജോലി സ്ഥലത്ത് സുഹൃത്തുക്കളുണ്ടാകുന്നതും അവരുമായി സംസാരിക്കുന്നതും ഭാര്യയെ അവഗണിക്കുന്നതായി കണക്കാക്കാനാകില്ല.
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടായിട്ടും കൂടെ ജീവിക്കുകയാണ് ഭാര്യ ചെയ്തത്. അതിനാല്‍ വിവാഹമോചന കേസില്‍ ഭര്‍ത്താവിന്റെ ക്രൂരതയായി ഈ ബന്ധത്തെ കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവിന് കുടുംബകോടതിയില്‍ വിവാഹ മോചനം അനുവദിച്ചത് ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
പത്തു വര്‍ഷം മുമ്പത്തെ സംഭവമാണ് ഭാര്യ കോടതിയില്‍ വിവാഹേതര ബന്ധമായി ആരോപിച്ചത്. ജോലിയുടെ സാഹചര്യംകൊണ്ടാണ് അകന്ന് കഴിയേണ്ടി വന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ സുഹൃത്തുക്കളെ ആശ്രയിച്ചേക്കാം അത് ഭാര്യയെ അവഗണിച്ചെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സൈനികനായ തനിക്ക് നിരവധിയിടങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നപ്പോള്‍ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടെന്നും ഭാര്യ തന്നോട് സംസാരിക്കുക പോലുമില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യയുടെ നടപടികളെ ക്രൂരതയായി വിലയിരുത്തി വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.