പാലാ: പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് – എം – കോണ്‍ഗ്രസ് സഖ്യം ഭരണം കയ്യാളിയിരുന്ന പാലാ മാര്‍ക്കറ്റിംങ്ങ് സഹകരണ സംഘം കേരള കോണ്‍ഗ്രസ് – എം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് – എം നയിച്ച എല്‍ഡിഎഫ് പാനല്‍ ഒന്നടങ്കം വന്‍ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചത്.
പന്ത്രണ്ടംഗ ഭരണ സമിതിയിലേയ്ക്ക് എൽഡിഎഫ് സ്ഥാനാർത്ഥികളായ കുഞ്ഞുമോൻ മാടപ്പാട്ട്, എം.ടി ജാന്റിസ്, അഡ്വ. ജോസഫ് മണ്ഡപം, ഡി. പ്രസാദ്, ബെന്നി ഈരുരിക്കൽ, രാജേഷ് വാളിപ്ലാക്കൽ, സണ്ണി പൊരുന്ന കോട്ട്, അഡ്വ. സണ്ണി മാന്തറ, അന്നക്കുട്ടി ജയിംസ്, മിനി സാവിയോ, സിസി ജയിംസ്, എം.ജെ. ഐസക്കിയേൽ എന്നിവരാണ് വിജയിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍ക്കറ്റിംങ്ങ് സഹകരണ സംഘത്തില്‍ വാശിയേറിയ തെരഞ്ഞെടുപ്പു നടന്നത്. മുമ്പ് കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് – എം പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന കാലത്ത് ഇവിടെ ഇടതുപക്ഷത്തിന് നാമമാത്ര സ്വാധീനം പോലുമില്ലായിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസ് – എം ഇടതുമുന്നണിയിലെത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കെന്നറിയാന്‍ ആകാംഷയുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസിന്‍റെ പ്രബലനായ നേതാവ് അന്തരിച്ച പ്രൊഫ. കെ.കെ എബ്രാഹമായിരുന്നു പ്രസിഡന്‍റ്. അദ്ദേഹത്തിന്‍റെ മരണശേഷവും കോണ്‍ഗ്രസിനായിരുന്നു നേതൃത്വവും അംഗബലവും.
അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസ് – എം നേതൃത്വം നല്‍കുന്ന പാനല്‍ വിജയിക്കുമോ എന്നതായിരുന്നു ആശങ്ക. പക്ഷേ മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു ഇടതു മുന്നണിയുടെ വിജയം. കോണ്‍ഗ്രസ് നയിച്ച യുഡിഎഫ് പാനലും ഇവിടെ മികച്ച മല്‍സരം തന്നെയാണ് കാഴ്ചവച്ചത്. തോല്‍വി ഏറ്റുവാങ്ങിയിട്ടും യുഡിഎഫ് പാനലില്‍ ആരും 1000 -ല്‍ താഴെ വോട്ടുകളിലേയ്ക്ക് പോയില്ലെന്നത് ശ്രദ്ധേയമാണ്.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന പൂവരണി സഹകരണ ബാങ്കിലും കേരള കോണ്‍ഗ്രസ് – എം പാനലിനായിരുന്നു വിജയം. ഭരണങ്ങാനം, ഇടമറ്റം ബാങ്കുകളും തെരഞ്ഞെടുപ്പ് നടപടികളിലാണ്.