എറണാകുളം : ഗുരുവായൂർ ദേവസ്വം ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തു നൽകി . ദേവസ്വത്തിന്റെ ഫണ്ട് സുരക്ഷിതമാണോ എന്ന് കോടതി അന്വേഷിച്ചു ഉറപ്പാക്കണം. ദേവസ്വം ബെഞ്ച് ഈ വിഷയത്തിൽ സ്വമേധയാ നടപടി എടുക്കണമെന്നുമാണ് കത്തിൽ പറയുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി എസ് മഹേന്ദ്ര കുമാർ ആണ് രജിസ്ട്രാർക്ക് കത്ത് നൽകിയത്. തൃശൂർ ജില്ല കേന്ദ്രീകരിച്ചിപ്പോൾ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കത്തുനൽകിയത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിലെ ഇടപാടുകാർക്ക് പണം നൽകാനായി സർക്കാർ അടിയന്തിര നടപടികൾ ആരംഭിച്ചു തുടങ്ങി . ഇതിനായി കേരള ബാങ്കിൽ നിന്നും അൻപതു കോടി രൂപ സമാഹരിക്കും .സഹകരണ വകുപ്പ് രൂപീകരിക്കുന്ന പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി തകർച്ച നേരിടുന്ന സഹകരണ ബാങ്കുകൾക്ക് പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും . അതിനായി റിസർവ്വ് ഫണ്ടിൽ നിന്നും കേരളാ ബാങ്ക് വായ്പ എടുക്കും.