വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ സിദ്ധാര്‍ഥിനെ സംസാരിക്കാന്‍ സമ്മതിക്കാതെ ഇറക്കി വിടുന്ന പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം നടന്നത്.
ഇന്നലെ റിലീസ് ചെയ്ത ‘ചിറ്റ’ എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് സിദ്ധാര്‍ഥ് കര്‍ണാടകയില്‍ എത്തിയത്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ സ്ഥലത്ത് എത്തിയത്. സിദ്ധാര്‍ഥിനെ വേദിയില്‍ നിന്നും ഇറക്കിവിട്ടതില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 

ഈ സംഭവത്തില്‍ സിദ്ധാര്‍ഥിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ് ഇപ്പോള്‍. പ്രസ് മീറ്റിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് കന്നഡിഗരുടെ ഭാഗത്ത് നിന്നും ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് എക്‌സില്‍ കുറിച്ചിരിക്കുന്നത്.
”പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരാജയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യുന്നതിന് പകരം.. പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താത്ത ഉപയോഗ്യശൂന്യരായ പാര്‍ലമെന്റ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം.. സാധാരണക്കാരെയും കലാകാരന്‍മാരെയും ബുദ്ധിമുട്ടിക്കുന്ന കന്നഡക്കാരുടെ രീതി അംഗീകരിക്കാനാവില്ല. കന്നഡിഗരുടെ പേരില്‍ ക്ഷമ ചോദിക്കുന്നു, ക്ഷമിക്കണം സിദ്ധാര്‍ഥ്” എന്നാണ് പ്രകാശ് രാജിന്റെ പോസ്റ്റ്.
അതേസമയം, താന്‍ സംസാരിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞതിനാല്‍ സിദ്ധാര്‍ഥ് മാധ്യമപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ ശേഷം വേദി വിട്ട് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *