കൊച്ചി: മാനസികമായി അകന്ന ദമ്പതികളെ കോടതിനടപടികൾ തുടരുന്നതിന്റെ പേരിൽ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹബന്ധം പൂർണ പരാജയമായിട്ടും വിവാഹമോചനത്തിന് അനുമതി നൽകാത്ത സാഹചര്യം വിലയിരുത്തിയാണ് ഈ നിരീക്ഷണം.വിവാഹമോചന ഹർജി തള്ളിയ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകുന്ദപുരം സ്വദേശി നൽകിയ ഹർജി അനുവദിച്ചാണ് ഡിവിഷൻബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
വിവാഹ ജീവിതത്തിലെ നിരന്തര കലഹവും പരസ്പര ബഹുമാനമില്ലായ്മയും അകൽച്ചയും അനുരഞ്ജനും അസാധ്യമാക്കുന്ന ഘടകങ്ങളാണെന്നും കോടതി വ്യക്തമാക്കി. 2002ലാണ് ഇരുവരും വിവാഹിതരായത്. വിദേശത്തായിരുന്ന പരാതിക്കാരൻ തിരിച്ചെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും ഭാര്യ തന്നോട് ക്രൂരത കാട്ടുന്നുവെന്നാരോപിച്ച് വിവാഹ മോചന ഹർജി നൽകുകയായിരുന്നു. 2011ൽ വിവാഹമോചനത്തിനായി ഹർജിക്കാരൻ കുടുംബകോടതിയെ സമീപിച്ചു. ഇയാൾക്ക് അറുപത് വയസിലേറെ പ്രായമുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദത്തിലേറെയായി ഒരു വീട്ടിൽ കഴിഞ്ഞിട്ടും ദമ്പതികൾക്ക് മനപ്പൊരുത്തത്തോടെ മുന്നോട്ടു പോകാനാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹമോചനത്തിന് ഭർത്താവ് 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും സ്വീകാര്യമല്ലാത്ത ഭാര്യ മറ്റ് ചില നിബന്ധനകളാണ് വച്ചിരിക്കുന്നച്. ഇരുവരും കോടതി നടത്തുന്ന മദ്ധ്യസ്ഥ ശ്രമങ്ങൾക്കും വിധേയരാകുന്നില്ല. കോടതികളെ വ്യക്തികളുടെ ഈഗോയുടെ പോരാട്ടഭൂമിയാക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം അനുവദിച്ച കോടതി ഹർജ്ജിക്കാരൻ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും ഭൂമിയും ഭാര്യക്ക് നൽകണമെന്ന് നിർദ്ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed