ഡൽഹി: ഇക്കൊല്ലം ഡിസംബറോടെ രാജ്യത്തെ എല്ലാ ദേശീയപാതകളിലെയും കുഴിയടയ്ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ദേശീയപാതകളിലെ കുഴിയടയ്ക്കാൻ സ്ഥിരംസംവിധാനത്തിനായി സർക്കാർ പ്രത്യേകനയം രൂപവത്കരിക്കും. റോഡുനിർമാണത്തിൽ നഗരങ്ങളിലെ മാലിന്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ദേശീയനയവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
റോഡുകളിൽ മഴകാരണം കുഴിയുണ്ടാകുന്നുണ്ട്. ആ പ്രശ്നത്തിന് പുതിയനയത്തിൽ പരിഹാരം തേടും. കൃത്യസമയത്ത് പണിതീർത്ത് പദ്ധതി വിജയമാക്കാൻ യുവ എൻജിനിയർമാരെ രംഗത്തിറക്കും. ദേശീയപാതകളോടുചേർന്ന അഴുക്കുചാലുകളുമായി ബന്ധപ്പെട്ട പരാതികൾ പുതിയ നയത്തിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഗഡ്കരി പറഞ്ഞു. രാജ്യവ്യാപകമായി റോഡുകളിലെ കുഴിയടയ്ക്കാനും അറ്റകുറ്റപ്പണികൾക്കും മന്ത്രാലയം തയ്യാറെടുപ്പ് തുടങ്ങിയതായി അധികൃതർ പറഞ്ഞു.
ദേശീയപാതാ അതോറിറ്റി നിർമിച്ച ചില അതിവേഗപ്പാതകളിൽ ഇതിനകം നഗര ഖരമാലിന്യം റോഡുനിർമാണത്തിനായി ഉപയോഗിച്ചിരുന്നു. ഇതു വ്യാപകമാക്കാനാണ് പ്രത്യേകനയം കൊണ്ടുവരുന്നത്. ഹൈവേനിർമാണക്കരാറുകളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി മാലിന്യപ്രശ്നത്തിനും പരിഹാരം കാണാമെന്നാണ് കണക്കുകൂട്ടൽ.