കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്ഐ എന്നെഴുതിയെന്ന സംഭവം വാജ്യമാണെന്ന് കണ്ടെത്തിയ കേരള പോലീസിനെ അഭിനന്ദിച്ച് മേജര്‍ രവി. ഒരു പട്ടാളക്കാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സൈനികനായ ഷൈന്‍ ചെയ്തത്. ഇയാള്‍ ഇനിയും ആര്‍മിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നും മണിക്കൂറുകള്‍ക്കകം സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മേജര്‍ രവി പ്രതികരിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
മേജർ രവിയുടെ വാക്കുകൾ: 
‘‘ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. വര്‍ഗീയത പടര്‍ന്നേനെ.
ഒരു കലാപത്തിന്‍റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയത്. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ പേരില്‍ ഒരു അതിക്രമത്തിന് മുതിരുമ്പോള്‍ അതിന്‍റെ വ്യാപ്തി വലുതാണ്. പൊലീസ് സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാകില്ല. ഇയാള്‍ പട്ടാളത്തിൽ തുടർന്നാല്‍ ചിലപ്പോൾ ഇതിലും വലിയ തട്ടിപ്പുമായി വന്നേനെ. ഒരുവിധത്തിലുളള മാപ്പും ഈ വ്യക്തി അർഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ തന്നെ പ്രതിച്ഛായ നഷ്പ്പെടുന്ന തരത്തിലുള്ള പ്രവൃത്തിയാണ് അയാൾ നടത്തിയത്.
പട്ടാളക്കാരനെതിരെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞാൻ ഉൾപ്പടെയുള്ളവര്‍ നീതിക്കു വേണ്ടി ഇറങ്ങാറുണ്ട്. ഈ കേസിൽ ആദ്യം മുതലേ ഞാൻ ആരെയും വിളിക്കാൻ പോയില്ല. ഇതിലൊരു തട്ടിപ്പ് ആദ്യം തന്നെ എന്റെ മനസ്സിലും ഉണ്ടായിരുന്നു. കേരള പൊലീസ് കേസ് വളരെ ഗൗരവപൂർമാണ് എടുത്തത്. അതിനൊരു വലിയ സല്യൂട്ട്. ’’–മേജര്‍ രവി പറഞ്ഞു.
കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാമെന്നും ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടതെന്നും മേജർ രവി പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed