പാലക്കാട് :വെള്ളിനേഴി തിരുവാഴിയോട് തിരുനാരായണപുരം തേക്കിൻകാട്ടിൽ വീട്ടിൽ രാമചന്ദ്രൻ മകൻ മജ്ജ മാറ്റി വെക്കലിന് നിർദ്ദേശിക്കപ്പെട്ട രണ്ടര വയസ്സുകാരൻ ആരുഷിന് ‘കാരുണ്യ വിപ്ലവ’ത്തിലൂടെ ചികിത്സാ സഹായ നിധി രൂപീകരിക്കാനൊരുങ്ങി ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയും വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും.
ആരൂഷ് ഒരു വർഷമായി രക്താർബുദം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മജ്ജ മാറ്റി വച്ചാൽ മാത്രമേ ജീവൻ നിലനിർത്താനാവൂ എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. അതിനാവശ്യമായ ഭീമമായ തുക കണ്ടെത്താനാണ് വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും ദയയുടെ അഭ്യുദയകാംക്ഷികളേയും പങ്കെടുപ്പിച്ച് ഒക്ടോബർ ഒന്നിന് 9 മണി മുതൽ 6 മണിക്കൂർ നീളുന്ന ‘കാരുണ്യ വിപ്ലവം’ സംഘടിപ്പിക്കുന്നത്.6 മണിക്കൂറിനുള്ളിൽ 30 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടേയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ വിപ്ലവത്തിൽ കക്ഷി രാഷ്ട്രീയ,ജാതി മത ഭേദമന്യേ മുഴുവൻ ജനങ്ങളും സഹകരിക്കുന്നുണ്ട്.ഇതിനായി 20 പേരടങ്ങുന്ന 100 സ്ക്വാഡുകളായി പിരിഞ്ഞ് 100 സീൽഡ് ബക്കറ്റുകളുമായി വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങിയാണ് പണം ശേഖരിക്കുക.ഓരോ സ്ക്വാഡിനും പരമാവധി 75 വീടുകളടങ്ങുന്ന ഒരു ബൂത്താണ് പ്രവർത്തന മേഖല. ഞായറാഴ്ച കാലത്ത് 8 മണിക്ക് അടയ്ക്കാപുത്തൂർ യു പി സ്കൂളിൽ വെച്ച് ഷൊറണൂർ എം എൽ എ പി. മമ്മിക്കുട്ടി കാരുണ്യ വിപ്ലവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് 9 മണിക്ക് 65 ബൂത്തുകളുടെ ബക്കറ്റുകളിലേക്ക് പണം നിക്ഷേപിച്ചു കൊണ്ട് അതാതു ബൂത്തുകളിലെ മുൻകൂട്ടി നിശ്ചയിച്ച വീടുകളിൽ നടക്കും.പിരിവ് കഴിഞ്ഞ സ്ക്വാഡുകൾ കളക്ഷൻ സെന്ററായ അടയ്ക്കാപൂത്തൂർ സ്കൂളിലെത്തി സീൽഡ് ബക്കറ്റ് പൊളിച്ച് പണമെണ്ണി തിട്ടപ്പെടുത്തി ക്യാഷ് കൗണ്ടറിൽ ഏൽപ്പിച്ച് രസീത് വാങ്ങും.മൊത്തം പിരിച്ച തുക വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കനറാ ബാങ്ക് മാനേജർക്ക് കൈമാറും .സമാപന സമ്മേളനം രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ആരൂഷിന്റെ മജ്ജ മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കും ആവശ്യമായ തുകയിൽ കൂടുതൽ ലഭിക്കുന്ന തുകയിൽ 80 ശതമാനവും വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നിർധനരും നിരാലംബരുമായ രോഗികൾക്കായും ബാക്കി വെള്ളിനേഴി ഗ്രാമ പഞ്ചായത്തിന് പുറത്തുള്ള രോഗികൾക്കായും വിനിയോഗിക്കുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ്, വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ജയലക്ഷ്മി ,ജില്ലാ പഞ്ചായത്തംഗം ശ്രീധരൻമാസ്റ്റർ, ജനറൽ കൺവീനർ ശങ്കർ.ജി.കോങ്ങാട് ,വെള്ളിനേഴി ഗ്രാമ പഞ്ചായത്തംഗം സി. രാധാകൃഷ്ണൻ ,ദയ ട്രസ്റ്റി മോഹൻദാസ് മഠത്തിൽ എന്നിവർ അറിയിച്ചു.ആരൂഷിനെ സഹായിക്കാനാഗ്രഹിക്കുന്ന സുമനസ്സുകൾക്കായി വെള്ളിനേഴി കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ടെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:97 44 95 97 56 ,70 12 91 35 83.