മൂവാറ്റുപുഴ: താന്‍ കൂടി പങ്കാളിയായ കെഎംഎന്‍പി ലോ എന്ന നിയമ സ്ഥാപനം അയച്ച വക്കീല്‍ നോട്ടിസിന്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ നല്‍കിയ മറുപടിയെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
വാര്‍ത്താ സമ്മേളനത്തില്‍ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ ശേഷം, കെഎംഎന്‍പി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മോഹനന്‍ നല്‍കിയ മറുപടിയില്‍ ഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തി.
മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. വക്കീല്‍ നോട്ടിസിനു രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനന്‍ വിചാരിക്കേണ്ടെന്നും നിയമടനപടികളുമായി മുന്നോട്ടു പോകുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
”എതിര്‍ക്കുന്നവര്‍ക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ് അവരുടെ മനോവീര്യം തകര്‍ത്ത് നിശബ്ദരാക്കുക എന്നത് സിപിഎം ശൈലിയാണ്. കൂടാതെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും ശ്രമിക്കും.
ഇതൊന്നും വിലപ്പോകാത്തപ്പോഴാണ് കായികമായി നേരിടാന്‍ അവര്‍ ശ്രമിക്കുന്നത്. ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാഷിസ്റ്റ് ശൈലിയാണ്.
നമ്മള്‍ ഇതിനെ ചങ്കുറപ്പോടെ നേരിടാന്‍ ഇറങ്ങിയാല്‍ അവര്‍ പിന്നോട്ടു പോകുന്ന കാഴ്ചയും കാണാം. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കെഎന്‍എംപി എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീല്‍ നോട്ടീസിന് അദ്ദേഹം നല്‍കിയ മറുപടി വളരെ വിചിത്രമാണ്” മോഹനന്റെ മറുപടിയെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോയ്‌ക്കൊപ്പം കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.