ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ‘ജവാന്‍’ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സെപ്തംബര്‍ 7-ന് റിലീസ് ചെയ്ത ചിത്രം 1050 കോടിയാണ് ഇതുവരെ നേടിയത്. ഷാരൂഖ് ഖാനെ സംബന്ധിച്ച് 2023 മികച്ച വര്‍ഷമാണ്. ജനുവരി 25-ന് റിലീസ് ചെയ്ത ‘പഠാന്‍’ എന്ന ചിത്രവും 1000 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ ഷാരൂഖ് സിനിമയില്‍ നിന്ന് ദീര്‍ഘമായ ഇടവേളയെടുത്തിരുന്നു. അതിനിടെ ഏതാനും ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ മാത്രമാണെത്തിയത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം പരാജയപ്പെടുന്നു എന്ന ആരോപണത്തിന് 2023-ല്‍ മറുപടി നല്‍കിയിക്കുകയാണ് ഷാരൂഖ്.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈമന്റായിരുന്നു ‘ജവാന്‍’ നിര്‍മിച്ചത്. ചിത്രത്തിന്റെ വരുമാനക്കണക്കുകള്‍ റെഡ് ചില്ലീസ് പുറത്തുവിട്ടതോടെ ഇത് കള്ളക്കണക്കാണെന്ന് ആരോപിച്ച് ഏതാനും ആളുകള്‍ രംഗത്ത് വന്നിരുന്നു. അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍.
”ഷാരൂഖ് ഖാന്‍, ‘ജവാന്റെ’ കള്ളക്കണക്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്. നിര്‍മാതാക്കള്‍ കണ്ണക്കണക്ക് പറയുകയാണെന്ന് ആരോപിച്ച് വാര്‍ത്തകള്‍ കണ്ടിരുന്നു”- എന്നൊരാള്‍ എക്‌സില്‍ കുറിച്ചു. അതിന് മറുപടിയുമായി ഷാരൂഖ് പറഞ്ഞതിങ്ങനെ. ”മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്കൂ. എണ്ണുമ്പോള്‍ ശ്രദ്ധ തിരിയരുത്”- ഷാരൂഖ് ഖാന്‍ കുറിച്ചു.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.