ബെംഗളൂരു: തുടര്‍ച്ചയായ അവധി ദിനങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ബെംഗളൂരുവില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്ന് നബിദിനം പ്രമാണിച്ച് മിക്ക സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അധിക ജലം അനുവദിച്ചതിന്റെ പേരില്‍ നാളെ ബെംഗളൂരുവില്‍ ബന്ദാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധിയും തിങ്കളാഴ്ച ഗാന്ധി ജയന്തി പ്രമാണിച്ചും അവധിയുള്ള പശ്ചാത്തലത്തിലാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.
തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ അവധിയുള്ളതിനാല്‍ നഗരത്തിനു പുറത്തേക്കും അകത്തേക്കും ഒരുപോലെ വാഹനങ്ങളുടെ കടന്നുപോക്ക് ഉണ്ടായതോടെയാണു ഗതാഗതം സ്തംഭിച്ചത്. വൈകിട്ട് 5 മണിക്ക് ഓഫിസുകള്‍ അടച്ചതോടെയാണു കൂടുതല്‍ വാഹനങ്ങള്‍ റോഡിലേക്ക് എത്തിയത്.
 രാത്രി 8 മണിവരെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടര്‍ന്നു. ഔട്ടര്‍ റിങ് റോഡിലും സമീപ പ്രദേശങ്ങളിലുമാണ് ബുധനാഴ്ച വൈകീട്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായതെന്നു ബെംഗളൂരു ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണര്‍ പറഞ്ഞു.
സാധാരണഗതിയില്‍ ഉണ്ടാവുന്നതിനേക്കാള്‍ ഇരട്ടി വാഹനം ഇന്നലെ വൈകിട്ട് നിരത്തുകളില്‍ ഉണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. 1.5 മുതല്‍ 2 ലക്ഷം വരെ വാഹനങ്ങളാണ് സാധാരണ ഉണ്ടാവാറുള്ളത്.
ബുധനാഴ്ച വൈകിട്ട് 7.30ന് ഇത് ഏകദേശം 3.5 ലക്ഷമായിരുന്നുവെന്നും ട്രാഫിക് പൊലീസ് പറയുന്നു. അവധിക്കു പുറമേ മഴ പെയ്തതും ഗതാഗതകുരുക്ക് രൂക്ഷമാകുന്നതിനു കാരണമായി. നഗരത്തില്‍ പലയിടത്തും വെള്ളംകയറിയതോടെ വാഹനങ്ങള്‍ പ്രധാന റോഡിലേക്കു പ്രവേശിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *