ആരെയും ഞെട്ടിക്കുന്ന വാർത്തകളാണ് സംസ്ഥാനത്തെ സഹകരണമേഖലയിൽ നിന്ന് പുറത്തു വരുന്നത്. തട്ടിപ്പിന്റെ സഹകരണമാണ് ഈ മേഖലയിൽ നടക്കുന്നതെന്ന് കൂടുതൽ കൂടുതൽ വെളിവാകുകയാണ്. ഇക്കാര്യത്തിൽ ഒരു പാർട്ടിയും മേശമല്ലെങ്കിലും സിംഹഭാഗം ബാങ്കുകളെയും നിയന്ത്രിക്കുന്ന സി.പി.എം തന്നെയാണ് മുഖ്യ പ്രതിയായി കേരളീയ സമൂഹത്തിനു മുന്നിൽ നിൽക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കാനും രക്ഷിക്കാനും ശ്രമിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്യുന്നത് എന്നതിൽ നിന്ന് തന്നെ അവരും നിരപരാധികളല്ല എന്ന് വ്യക്തം. കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ ജനങ്ങളും പാർട്ടി പ്രവർത്തകരും ശ്രമിക്കണം എന്ന് പറയുന്നതിനു പകരം പ്രതിരോധം തീർക്കണമെന്നും ആരെയും ഒറ്റിക്കൊടുക്കരുതെന്നുമാണ് പാർട്ടി സംസ്ഥാനസെക്രട്ടറി പോലും പറയുന്നത്. പല പൊതുമേഖല ബാങ്കുകളിലും നടക്കുന്ന അഴിമതികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ എന്ത് എന്ന് ചോദിക്കുന്ന മന്ത്രിയെയും കേരളം കണ്ടു. ഏതു വിഷയം ഉയർന്നു വന്നാലും നാം കേൾക്കുന്ന പോലെ സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര ശ്രമമാണ് ഇതെല്ലാം എന്നും അതിനാൽ അതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രിയും പറയുന്നു. എങ്കിൽ എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ ശക്തമായ സമരത്തിനു തയാറാകുന്നില്ല എന്ന പ്രസക്തമായ ചോദ്യം ചോദിക്കുന്നത് എൽ.ഡി.എഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐ ആണ്.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാൻ കേന്ദ്ര ശ്രമമുണ്ടെന്ന കാര്യത്തിൽ ബി.ജെ.പിക്കാർക്ക്‌പോലും തർക്കമുണ്ടാകില്ല. ഇവിടെയും അതുണ്ട്. എന്നാൽ അതിന്റെ പേരിൽ ന്യായീകരിക്കാനും പ്രതിരോധം തീർക്കാനുമാകുന്ന സംഭവങ്ങളല്ല കരുവന്നൂരിലും മറ്റു പലയിടത്തും നടക്കുന്നത്. ഈ വിഷയത്തിൽ ഇ.ഡി പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണല്ലോ. അഴിമതിക്കഥകൾ പുറത്തു വന്ന് ഏതാനും വർഷങ്ങളായിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ല. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. കരുവന്നൂരിൽ മാത്രം ആയിരക്കണക്കിനു പേരാണ് വിവാഹം മുതൽ ചികിത്സ വരെയുള്ള അത്യാവശ്യങ്ങൾക്ക് ബാങ്കിൽ നിക്ഷേപിച്ച സ്വന്തം പണം തിരിച്ചുകിട്ടാതെ നരകിക്കുന്നത്. പലരും സമയത്ത് മികച്ച ചികിത്സ കിട്ടാതെ മരിച്ചു. പലരും ആത്മഹത്യ ചെയ്തു. നാടുവിട്ടു. പണം നഷ്ടപ്പെട്ടവരിൽ പലരും പാർട്ടി അനുഭാവികൾ തന്നെയാണ് എന്നതാണ് വസ്തുത. എന്നിട്ടും പാർട്ടി പണം തട്ടിയവർക്കൊപ്പമാണ്, നഷ്ടപ്പെട്ടവർക്കൊപ്പമല്ല എന്നതാണ് ക്രൂരമായ തമാശ.
പ്രക്ഷോഭത്തിനിറങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ആക്രോശിക്കാനും നേതാക്കൾ മത്സരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷം മറ്റെന്താണ് ചെയ്യേണ്ടത്? അതവരുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ സി.പി.എം എന്താണ് ചെയ്യാറുള്ളത്? തൃശൂരിൽ സുരേഷ് ഗോപിക്കു ജയിക്കാനാണ് കരുവന്നൂർ പ്രശ്‌നം കുത്തിപ്പൊക്കുന്നതെന്ന് പോലും കേൾക്കുമ്പോൾ പണം നഷ്ടപ്പെട്ടവർ കൈയടിക്കുമെന്നാണോ നേതൃത്വം കരുതുന്നത്? സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ല എന്നാർക്കാണ് അറിയാത്തത്? മാത്രമല്ല, അദ്ദേഹം പിടിക്കുന്ന വോട്ടുകൾ എൽ.ഡി.എഫിനാണ് ഗുണം ചെയ്യുക എന്നതാണ് വസ്തുത. അതുപോലെ അടുത്ത കാലത്തെ സ്ഥിരം പല്ലവി പോലെ എല്ലാം മീഡിയക്കു മേൽ ആരോപിക്കാനും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീഡിയ വസ്തുതകൾ മൂടിവെക്കാനും ജനങ്ങളിൽ നിന്നു മറച്ചുവെക്കാനുമാണോ ശ്രമിക്കേണ്ടത്? അടുത്ത് പുറത്തു വന്ന ലാ ടൊമാറ്റിനോ എന്ന സിനിമയിലെ നായകനായ മാധ്യമ പ്രവർത്തകൻ പറയുന്ന പോലെ മൂടിവെക്കുന്നത് പുറത്ത് കൊണ്ടുവരുന്നതാണ് വാർത്ത, മറ്റെല്ലാം പരസ്യം മാത്രമാണ്. മീഡിയ എപ്പോഴും നിൽക്കേണ്ടത് ഭരണകൂടത്തിന് എതിർവശത്താണ്, ജനകീയ പ്രതിപക്ഷത്താണ് എന്നതും ഈ നേതാക്കൾക്കും പ്രവർത്തകർക്കും അറിയാത്തതാണോ? മീഡിയ പോലുമില്ലെങ്കിലുള്ള അവസ്ഥ ഒന്നു സങ്കൽപിച്ചു നോക്കുന്നതും നന്നായിരിക്കും.
ഏതൊരു പ്രസ്ഥാനത്തിനും ഒരു സുവർണ കാലമുണ്ടായിരിക്കും. പിന്നീടൊരു ജീർണ കാലവും. സഹകരണ പ്രസ്ഥാനത്തെ സംബന്ധിച്ചും അതു ശരിയാണെന്നാണ് ഈ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്നത് ജീർണതയുടെ പാതയിലാണ്. തീച്ചയായും സംസ്ഥാനത്തെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയൊരു സംഭാവന ഈ സ്ഥാപനങ്ങൾക്കുണ്ട്. ഒപ്പം കാർഷികമടക്കമുള്ള മേഖലകളിലും പല ജനോപകാര പദ്ധതികൾക്കും സഹകരണ മേഖല തുടക്കമിട്ടിരുന്നു. പലപ്പോഴും ഒരു നാടിന്റെ സാമ്പത്തിക – സാമൂഹ്യ ചലനങ്ങളെ മാത്രമല്ല, രാഷ്ട്രീയ ചലനങ്ങളെ പോലും നിയന്ത്രിച്ചിരുന്നത് സഹകരണ പ്രസ്ഥാനമായിരുന്നു എന്ന് പറയാം. പക്ഷേ അക്കാലമൊക്കെ ഏറെക്കുറെ അവസാനിച്ചു എന്ന് പറയാവുന്ന അവസ്ഥയാണിത്. കുറെ കാലമായി ജനങ്ങളുടെ സ്ഥാപനം എന്നതിനു പകരം ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടന പോലെയാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. അംഗങ്ങൾക്ക് മെംബർഷിപ്പ് കൊടുക്കുമ്പോൾ മുതൽ തങ്ങളുടെ കുത്തക തകരില്ല എന്നുറപ്പു വരുത്തും. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്ന വാർത്ത ഇതെഴുതുമ്പോൾ പോലും പുറത്ത് വരുന്നു. ജോലിക്കാരിൽ ഏറെ ഭാഗവും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും കുടുംബാംഗങ്ങൾ തന്നെ. നിയമന രീതിയിൽ എന്ത് മാറ്റം വന്നാലും ഈ രീതി അങ്ങനെ തന്നെ നിലനിൽക്കുന്നു. ഭരണവും ജീവനക്കാരും ഒരേ പാർട്ടിക്കാരാകുന്നതോടെ സാമ്പത്തിക ഇടപാടിലെ അഴിമതികൾ എളുപ്പമാകുന്നു. അങ്ങനെ വളരെ ചെറിയ തോതിൽ ആരംഭിച്ച അഴിമതികളാണ് ഇന്ന് ഈ അവസ്ഥയിൽ എത്തി നിൽക്കുന്നത്.
മറ്റു പല പദ്ധതികളുമുണ്ടെങ്കിലും പ്രധാനമായും സാധാരണക്കാർ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നത് ലോണുകൾക്ക് വേണ്ടിയാണ്. ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ ഏറെ സങ്കീർണവും അവ മിക്കവാറും നഗര കേന്ദ്രീകൃതവുമായതിനാൽ എളുപ്പം സമീപിക്കാവുന്നത് സഹകരണ സംഘങ്ങളെയായിരുന്നു. എന്നാൽ ഈ നിസ്സഹായതയെ ചൂഷണം ചെയ്യുകയാണ് സംഘങ്ങൾ എന്നത് പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. ഏതൊരു ബാങ്കിനേക്കാളും വലിയ പലിശയാണ് സഹകരണ സംഘങ്ങൾ വാങ്ങുന്നത്. ആരെങ്കിലും ഈ വിഷയം ചൂണ്ടിക്കാണിച്ചാൽ ലഭിക്കുന്ന മറുപടി നിക്ഷേപകർക്ക് കൂടുതൽ പലിശ നൽകുന്നു എന്നായിരിക്കും. ലോണെടുക്കുന്നവരിൽ നിന്ന് കൂടുതൽ പലിശ വാങ്ങി നിക്ഷേപകർക്ക് കൂടുതൽ പലിശ നൽകുന്നതാണോ ഒരു ജനകീയ സ്ഥാപനം ചെയ്യേണ്ടത്? മറ്റൊന്ന് കൂടി. കെ.വൈ.സി അഥവാ നിക്ഷേപകരുടെ വിശദാംശങ്ങൾ നൽകേണ്ടതില്ല എന്നതിനാൽ കള്ളപ്പണ നിക്ഷേപത്തിനുള്ള അവസരം കൂടിയാണ് ഈ ബാങ്കുകൾ സൃഷ്ടിച്ചത്.
വളരെ പ്രധാനപ്പെട്ട മറ്റൊന്ന് കൂടി. ആശയപരമായി തന്നെ സമഗ്രാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാർട്ടി. ആഗോള തലത്തിൽ തന്നെ അതങ്ങനെയാണ്. നാട്ടിലെ ഏതു സ്ഥാപനത്തെയും ഫ്രാക്ഷനിലൂടെ നിയന്ത്രിക്കുന്നവരാണവർ. വായനശാലകൾ,
പി.ടി.എകൾ, പൂർവ വിദ്യാർതഥി സംഘടനകൾ തുടങ്ങി അമ്പല കമ്മിറ്റികൾ വരെ അവർ പിടിച്ചെടുക്കുന്നത് കാണാറുണ്ടല്ലോ, പാർട്ടിക്ക് വേണ്ടി എന്തു ചെയ്താലും അത് ശരിയാണെന്നു വിശ്വസിക്കുന്ന കാഡർമാരെയും അത് വളർത്തിയിയിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് സഹകരണ മേഖലയിലെ അഴിമതിയേയും നോക്കിക്കാണേണ്ടത്. അതൊരിക്കലും ഏതാനും വ്യക്തികളുടെ അഴിമതിയല്ല എന്നത് വ്യക്തമാണ്. തീർച്ചയായും മറ്റ് പാർട്ടികളും ഈ പാത പിന്തുടരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സി.പി.എം ഏറെ മുന്നിലാണ്. അതിനാൽ അഴിമതിക്കും മറ്റു തെറ്റായ രീതികൾക്കും അറുതി വരുത്തി സഹകരണ മേഖലയെ രക്ഷിക്കാനുള്ള മുഖ്യ ഉത്തരവാദിത്തവും അവർക്കാണ്.
2023 September 28ഐ. ഗോപിനാഥ്title_en: The co-operative sector has become a hotbed of scams