കൊച്ചി: റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യയും സനോഫിയും സഹകരിച്ച് നടത്തുന്ന സോഷ്യല്‍ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ ടൈപ്പ് 1 ഡയബറ്റീസ് മെലിറ്റസുമായി കഴിയുന്ന കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നു. രാജ്യത്തുടനീളമായി 1300-ലധികം കുട്ടികളായ ടൈപ്പ് 1 ഡയബറ്റീസ് രോഗികള്‍ ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 76 പേരും ഉള്‍പ്പെടുന്നു.
ടൈപ്പ് 1 ഡയബറ്റീസിനെ കുറിച്ച് മെച്ചപ്പെട്ട അറിവാണ് ഈ 1300 കുട്ടികള്‍ക്ക് ലഭിക്കുന്നത്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജൂണ്‍ വരെ ഈ പരിപാടിയുടെ ഇടപെടലിലൂടെ ഹൈപ്പോഗ്ലൈസീമിയ അനുഭവപ്പെടുന്ന (1 മുതല്‍ 4 തവണ പ്രതിവാരം) കുട്ടികളുടെ എണ്ണം 46% കുറയ്ക്കുവാന്‍ കഴിഞ്ഞു. അതേസമയം ഹൈപ്പര്‍ഗ്ലൈസീമിയ അനുഭവപ്പെടുന്ന (1 മുതല്‍ 4 തവണ പ്രതിവാരം) കുട്ടികളുടെ എണ്ണം 25%-വും കുറയ്ക്കുവാന്‍ കഴിഞ്ഞു.
ആഗോള ടൈപ്പ് 1 പ്രമേഹ സൂചിക പ്രകാരം ഇന്ത്യയില്‍ ടൈപ്പ് 1 ഡയബറ്റീസ്  പ്രതിവര്‍ഷം 6.7% എന്ന കണക്കില്‍ വര്‍ദ്ധിക്കുന്നു. അതേസമയം ടൈപ്പ് 2 പ്രമേഹം 4.4% മാത്രമേ വര്‍ദ്ധിക്കുന്നുള്ളൂ. ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്ന വ്യക്തികളും അവരെ പരിപാലിക്കുന്നവരും ഇന്ത്യയില്‍ പ്രമേഹ പരിപാലനത്തിന്‍റെ കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഇതിനു കാരണം ടൈപ്പ് 1 ഡയബറ്റീസ്   ചികിത്സിക്കുവാനും കൈകാര്യം ചെയ്യുവാനും പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും മറ്റും വളരെ കുറച്ച് മാത്രമേ ഉള്ളൂ എന്നതാണ്.
ടൈപ്പ് 1 ഡയബറ്റീസിനെക്കുറിച്ചുള്ള മോശമായ പൊതു അവബോധം, സാമൂഹിക-സാമ്പത്തിക പ്രയാസങ്ങൾ, കൃത്യമായ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, പ്രത്യേകിച്ച് അര്‍ദ്ധ-നഗര, ഗ്രാമീണ മേഖലകളില്‍, എന്നിവയൊക്കെ മറ്റ് വെല്ലുവിളികളാണ്. ഇന്‍സുലിന്‍, ടെസ്റ്റ് സ്ട്രിപ്പുകള്‍, നല്ല സ്വയം പരിപാലനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ലഭ്യമായാല്‍ തന്നെ ഒരു വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം തിരിച്ചു പിടിക്കാന്‍ സഹായിക്കും.
പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രൊഫഷണലുകളുടേയും ടൈപ്പ് 1 ഡയബറ്റീസ്  അറിവ് നല്‍കുന്നവരുടേയും ഒരു ശൃംഖലയിലൂടെ ഇന്ത്യയിലുടനീളം ടൈപ്പ് 1 ഡയബറ്റീസ് രോഗികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള പിന്തുണാ പരിപാടിക്ക് രൂപം നല്‍കുക എന്നുള്ളതാണ് ഈ സാമൂഹിക പ്രഭാവ പരിപാടിയുടെ ലക്ഷ്യം. ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് കൃത്യമായ രോഗനിര്‍ണ്ണയവും പരിപാലനവും സാധ്യമാക്കുമ്പോള്‍ സങ്കീര്‍ണ്ണതകൾ സംഭവിക്കുന്നത്   കുറയ്ക്കുന്നതിലേക്ക് നയിക്കും.
ഇന്ത്യയില്‍ ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്ന നിരവധി കുട്ടികളുടെ ജീവിത നിലവാരം അതിവേഗം മെച്ചപ്പെടുന്നതിലേക്ക് നയിക്കുന്നതാണ് ഞങ്ങളുടെ സാമൂഹിക ഇടപെടല്‍ എന്നുള്ളത് വലിയ പ്രചോദനമായി മാറുന്നുണ്ടെന്ന്  സനോഫി ഇന്ത്യ ലിമിറ്റഡിന്‍റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍റ് കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി സീനിയര്‍ ഡയറക്ടറായ അപര്‍ണാ തോമസ് പറഞ്ഞു.
രോഗനിര്‍ണ്ണയം, അവബോധം, കൗണ്‍സലിങ്ങ് എന്നിവ ഉള്‍പ്പെടുന്ന ഒരു പൊതു പരിപാലന പരിപാടി സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഈ പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്. ചികിത്സകള്‍ ലഭിക്കുവാനുള്ള സാമ്പത്തിക പിന്തുണ ആവശ്യമായ 1300 കുട്ടികള്‍ക്ക് സൗജന്യമായി ഇന്‍സുലിന്‍ നല്‍കുവാനുള്ള ഫണ്ടുകളും സനോഫി ഇന്ത്യയുടെ സോഷ്യൽ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുന്നുണ്ട്.
ടൈപ്പ് 2 പ്രമേഹം പോലെ ടൈപ്പ് 1 പ്രമേഹവും ഉയരുന്ന പ്രവണതയാണ് കാണുന്നതെന്ന് പ്രമുഖ പ്രമേഹ ചികിത്സകനായ ഡോക്ടര്‍ ജ്യോതിദേവ് പറഞ്ഞു. ചികിത്സ, നിരീക്ഷണം, ഡോസേജ്, ടൈട്രേഷന്‍ എന്നീ കാര്യങ്ങളില്‍ സമഗ്രമായ പരിശീലനവും അവബോധവും ഉണ്ടാകേണ്ടത് ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാന്‍ നിര്‍ണ്ണായകമാണ്. കേരളത്തിലെ ആരോഗ്യ പരിപാലന പ്രൊഫഷണലുകളേയും അവബോധം നല്‍കുന്നവരേയും ഉപകരണങ്ങളും അറിവുകളും നല്‍കി സജ്ജരാക്കുന്നതിലൂടെ ഈ കുട്ടികളുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റം കൊണ്ടുവരുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *