കോഴിക്കോട്: പൊന്നാനി ബെൻസി പോളിക്ലിനിക്കിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലെവൽ 4 ആംബുലൻസ് ഒരു ജീവൻരക്ഷാ ദൗത്യത്തിന്റെ പൂർത്തീകരണത്തിലാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിൽ നിന്ന് വ്യാഴാഴ്ച പുലർച്ചക്ക് മുമ്പ് അഞ്ചിന് പുറപ്പെട്ട ആംബുലൻസ് 2500 കിലോമീറ്റർ ചീറിപ്പാഞ്ഞ ശേഷം ബംഗ്ലാദേശ് അതിർത്തിയിലെ ബംഗ്ലാദേശ് ന്യൂറോ ഹോസ്പിറ്റലിൽ ചെന്നെത്തുമ്പോൾ നിർവൃതിയോടൊപ്പം ഉദ്വേഗവും തുടിക്കുന്ന ഒരു ആരോഗ്യ സേവന ചരിത്രമാകും അത്.
ചികിത്സാർത്ഥം കേരളത്തിലെത്തിയ നാല്പത്തിനാലുകാരനായ പശ്ചിമ ബംഗാൾ സ്വദേശി അഷ്റഫുൾ ആലം ഖണ്ഡൂകർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നത് കഴിഞ്ഞ 45 ദിവസങ്ങൾ. തുടർ ചികിത്സയ്ക്കായി ബംഗ്ലാദേശ് അതിർത്തിയിലെ ബംഗ്ലാദേശ് ന്യൂറോസയൻസ് ഇൻസ്റ്റിറ്റിയൂട്ട് ഹോസ്പിറ്റലിൽ എത്തിക്കണം. എയർലിഫ്റ്റ് സംഗതമല്ലെന്നും റോഡ് മാർഗം ആംബുലൻസ് സർവീസ് ആണ് അവശ്യമെന്നുമുള്ള അഭ്യർത്ഥന പുറപ്പെടുവിച്ച മാത്രയിൽ എഴുപത് കിലോമീറ്ററോളം അകലെയുള്ള പൊന്നാനിയിൽ നിന്നാണ് അനുകൂലമായ സന്ദേശം കിട്ടിയതെന്ന് ബേബി മെമ്മോറിയൽ ആശുപത്രിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ പരിചിതമല്ലാത്ത വഴികളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം അതിവേഗം എത്തിക്കാനുള്ള ഉത്തരവാദിത്തം കൈവന്നപ്പോൾ അതിനെ വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന പ്രോത്സാഹനമാണ് ബെൻസി പോളിക്ലിനിക് ഉൾപ്പെടുന്ന അക്ബർ ഗ്രൂപ്പ് മേധാവി കെ.വി അബ്ദുൽ നാസർ നൽകിയതെന്നും ജീവൻ പണയം വെച്ച് ദൗത്യത്തിൽ പങ്കാളികളായ ബെൻസി ക്ലിനിക്കിലെ നേഴ്‌സിംഗ് സൂപ്രണ്ട് അജയ് കെ.സി, ഡ്രൈവർമാരായ ജാബിർ വടക്കേകാട്, അജ്‌മൽ കുറ്റിപ്പുറം, മുഹമ്മദ് ഷബീർ (ബിഎംഎച്) എന്നിവർ നിർവഹിച്ചത് കേരളത്തിന് ആകെ അഭിമാനകമായ ആരോഗ്യ സേവനമാണെന്നും ബെൻസി പോളിക്ലിനിക് അധികൃതർ വിവരിച്ചു.
ഐസിയു, എൻഐസിയു, പിഐസിയു തുടങ്ങിയ സൗകര്യങ്ങളോട് കൂടിയുള്ള പൊന്നാനി ബെൻസി പോളിക്ലിനിക്കിലെ ആംബുലൻസ് കേരളത്തിൽ തന്നെ അത്യപൂർവമായ ഒന്നാണ്. ജീവൻരക്ഷാ ഗതാഗതത്തിന് 9539010108 നമ്പറിൽ മുഴുദിനം സർവീസ് ലഭ്യമായിരിക്കുമെന്നും ബെൻസി പോളിക്ലിനിക് അധികൃതർ അറിയിച്ചു.