കൊച്ചി: രണ്ടാം ലോക യുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്‍റെ ഓഫിസ് ആയിരുന്ന ഓള്‍ഡ് വാര്‍ ഓഫീസ് ഹിന്ദുജാ ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി പ്രവര്‍ത്തനമാരംഭിച്ചു. ചാള്‍സ് രാജാവിന്‍റെ സഹോദരി ആനി രാജകുമാരി ഹോട്ടലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹിന്ദുജാ ഗ്രൂപ്പ് ചെയര്‍മാന്‍ ജിപി ഹിന്ദുജാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഹ്രസ്വ സന്ദര്‍ശനം അടക്കം നിരവധി പാര്‍ലമെന്‍റേറിയന്‍മാരുടേയും സംരംഭകരുടേയും താരങ്ങളുടേയും സാന്നിധ്യം ഉദ്ഘാടന വേളയെ ശ്രദ്ധേയമാക്കി.
റാഫിള്‍സ് ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ടും ഹിന്ദുജ ഗ്രൂപ്പും സഹകരിച്ചാണ് ഈ ഹോട്ടലിന് തുടക്കം കുറിച്ചത്. ബക്കിങ്ഹാം പാലസിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന റൂഫ് ടോപ് അടക്കം മൂന്നു ബാറുകള്‍, ഒന്‍പതു പുതിയ റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ ലണ്ടനിലെ ഈ പുതിയ ആഡംബര ഹോട്ടലിലുണ്ട്.