എറണാകുളം: കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് മർദ്ദനം. കടവന്ത്ര സ്വദേശി കെ.ടി ചെഷയറിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു ചെഷയറിന് നേരെ ആക്രമണം ഉണ്ടായത്. വൈറ്റില കണിയാമ്പുഴ റോഡിന് സമീപത്തുകൂടി വരുന്നതിനിടെ സ്‌കൂട്ടറിലും ബൈക്കിലും എത്തിയ നാല് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുൾപ്പെടെ ആയിരുന്നു ആക്രമണം. നിലത്ത് വീണ അദ്ദേഹത്തെ വഴിയാത്രികർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തിലുൾപ്പെടെ നിരവധി പൊതുജന വിഷയങ്ങളിൽ ചെഷയർ വിവരാവകാശ കമ്മീഷനെ സമർപ്പിച്ചിരുന്നു. അദ്ദേഹത്തിന്റേതായി വിവിധ വകുപ്പുകളിൽ നിരവധി പരാതികളാണ് ഉള്ളത്. നിലവിൽ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ഉച്ചയ്ക്ക് മുൻപായി അദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ആക്രമണത്തിൽ ചെഷയറിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. കൈയ്ക്കും പരിക്കുണ്ട്.