പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഒരു പകല്‍ മുഴുവന്‍ മൃതദേഹങ്ങള്‍ പാടത്തു കിടന്നതായി പൊലീസ് കണ്ടെത്തി. പുതുശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. 
കാട്ടുപന്നിയെ കുടുക്കാനായി വച്ച വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണ് ഇവര്‍ മരിച്ചതെന്നാണു നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടില്‍ ജെ.ആനന്ദ് കുമാര്‍ (52), തിങ്കളാഴ്ച രാവിലെ വയലിലെത്തിയപ്പോഴാണ് 2 പേര്‍ ഷോക്കേറ്റു മരിച്ചു കിടക്കുന്നതു കണ്ടത്.
 എന്നാല്‍ വൈദ്യുതിക്കെണിയില്‍നിന്നു വൈദ്യുതി വിഛേദിച്ചു വീട്ടിലേക്കു മടങ്ങി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതുള്‍പ്പെടെ തെളിവു നശിപ്പിച്ചത് അന്നു രാത്രിയിലാണ്.
ഒരു പകല്‍ മുഴുവന്‍ മൃതദേഹങ്ങള്‍ പാടത്ത് കിടന്നിട്ടും ആരും കണ്ടെത്തിയില്ല. രാത്രി 10 മണിക്കു സ്ഥലത്തെത്തിയ ആനന്ദ് 10 മീറ്റര്‍ ദൂരേക്കു വലിച്ചു നീക്കി കുഴിച്ചിട്ടു. മൃതദേഹങ്ങളില്‍നിന്നു വസ്ത്രങ്ങള്‍ മാറ്റി കത്തി ഉപയോഗിച്ചു വയറു കീറിയിട്ടാണു കുഴിയിലേക്കു ചവിട്ടിത്താഴ്ത്തിയത്.
 മൃതദേഹങ്ങളില്‍നിന്ന് അഴിച്ചെടുത്ത വസ്ത്രങ്ങളും വൈദ്യുതിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പു കമ്പികളും ചെരുപ്പും ചൊവ്വാഴ്ച രാവിലെ മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു.
കനാലിന്റെ എതിര്‍ഭാഗത്തെ കാട്ടില്‍നിന്നു യുവാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണും കണ്ടെത്തി. പ്രതിയുടെ കൃഷിയിടത്തിലെ പഴയ ഫ്രിജിലാണു മണ്‍വെട്ടി സൂക്ഷിച്ചിരുന്നത്. പേടിച്ചിട്ടാണു തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ആനന്ദ് പൊലീസിനോടു പറഞ്ഞു.
എസി മെക്കാനിക് ആയ ആനന്ദിന് ഇലക്ട്രിക് പണികളും അറിയാം. വീടിനു പുറത്തെ കുളിമുറിയില്‍നിന്ന്, 100 മീറ്ററോളം അകലെ കൃഷിയിടത്തിലേക്കുള്ള പൈപ്പിനുള്ളിലൂടെ ഇന്‍സുലേറ്റഡ് വയറിട്ടാണു വൈദ്യുതി എത്തിച്ചത്.
ഇത് ഇരുമ്പു നൂല്‍ക്കമ്പിയുമായി ബന്ധിപ്പിച്ചാണു വൈദ്യുതിക്കെണി ഒരുക്കിയത്. ലൈനിന്റെ 2 ഭാഗത്തും ആവശ്യമെങ്കില്‍ വൈദ്യുതി കടത്തി വിടാനും വിച്ഛേദിക്കാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *