ഡല്‍ഹി: കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ അഡ്മിന്മാര്ക്ക് കൂടുതല്‍ നിയന്ത്രണം നല്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. നിലവില്‍ അഡ്മിന്മാര്ക്ക് മാത്രമാണ് അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ അധികാരമുള്ള ഉപയോക്താക്കള്‍ ആരെല്ലാം ആണെന്ന് അഡ്മിന്മാര്ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് സംവിധാനം. ടോഗിളിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.
തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. എല്ലാ കമ്മ്യൂണിറ്റി മെമ്പര്‍മാര്‍ക്കും പുതിയ ഉപയോക്താക്കളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ കഴിയുന്ന വിശാല സംവിധാനവുമുണ്ട്. എവരിവണ്‍ തെരഞ്ഞെടുത്താല്‍ ഏത് അംഗത്തിന് വേണമെങ്കിലും പുതിയ ആളുകളെ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ ചേര്‍ക്കാന്‍ സാധിക്കും. അതായത് ഇന്‍വൈറ്റ് ലിങ്ക് ഇല്ലാതെ തന്നെ ഏത് അംഗത്തിനും പുതിയ ഉപയോക്താവിനെ ചേര്‍ക്കാന്‍ സാധിക്കുമെന്ന് സാരം.
ആപ്പ് സ്റ്റോറില്‍ നിന്ന് അപ്ഡേറ്റഡ് വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും. വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവര്ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.