കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വാണിമേൽ സ്വദേശി അർഷാദാണ് പെൺകുട്ടിയെ ആക്രമിച്ചത്.
ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. അർഷാദ് പെൺകുട്ടിയെ വിവാഹമാലോചിച്ചിരുന്നു. വിവാഹത്തിന് സമ്മതിച്ചെങ്കിലും പിന്നീട് പെൺകുട്ടിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ അർഷാദ് റോഡിൽ തടഞ്ഞു നിർത്തുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടിയുടെ വിളി കേട്ട് എത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു.