ജിദ്ദ – അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കാളായ ലൂസിഡ് ഗ്രൂപ്പിനു കീഴില്‍ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ സ്ഥാപിച്ച കാര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തു. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഫാക്ടറിയാണിത്. നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാനും ലൂസിഡ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് തുര്‍ക്കി അല്‍നുവൈസിറും കമ്പനി സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പീറ്റര്‍ റോളിന്‍സനും ലൂസിഡ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഫൈസല്‍ അല്‍സുല്‍ത്താനും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും മറ്റും ചടങ്ങില്‍ സംബന്ധിച്ചു.
അമേരിക്കക്ക് പുറത്ത് ലൂസിഡ് ഗ്രൂപ്പ് സ്ഥാപിക്കുന്ന ആദ്യ കാര്‍ ഫാക്ടറിയാണ് സൗദിയിലെത്. റാബിഗ് ഫാക്ടറിയില്‍ ലൂസിഡ് എയര്‍ മോഡലില്‍ പെട്ട കാര്‍ അസംബ്ലി ചെയ്യും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 5,000 കാറുകളാണ് റാബിഗ് ഫാക്ടറിയില്‍ അസംബ്ലി ചെയ്യുക. ഭാവിയില്‍ പൂര്‍ണാര്‍ഥത്തിലുള്ള കാര്‍ നിര്‍മാണം ഫാക്ടറിയില്‍ ആരംഭിക്കും. ഇതോടെ പ്രതിവര്‍ഷം 1,55,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ റാബിഗ് പ്ലാന്റിന് ശേഷിയുണ്ടാകും. നൂറു കണക്കിന് സൗദി യുവതീയുവാക്കള്‍ക്ക് ലൂസിഡ് ഫാക്ടറിയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ലക്ഷ്വറി കാര്‍ അവാര്‍ഡ് ലൂസിഡ് എയര്‍ നേടിയിട്ടുണ്ട്. റാബിഗ് ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ ലൂസിഡ് ഗ്രൂപ്പ് സൗദി വിപണിയില്‍ വില്‍ക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും.
റാബിഗ് ലൂസിഡ് ഫാക്ടറിക്ക് സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്നും സൗദി ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം എന്ന തന്ത്രപ്രധാന ലക്ഷ്യം കൈവരിക്കല്‍ വേഗത്തിലാക്കുന്നതില്‍ ഫാക്ടറി വലിയ പങ്ക് വഹിക്കും. 2030 ഓടെ സൗദിയിലെ 30 ശതമാനത്തില്‍ കുറയാത്ത കാറുകള്‍ ഇലക്ട്രിക് കാറുകളാക്കി മാറ്റാന്‍ സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നു. ഇത് കൈവരിക്കാനും ലൂസിഡ് പ്ലാന്റ് സഹായിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഒരു ലക്ഷം കാറുകള്‍ പത്തു വര്‍ഷത്തിനുള്ളില്‍ സൗദി ഗവണ്‍മെന്റിന് വില്‍ക്കാന്‍ നേരത്തെ ലൂസിഡ് കമ്പനിയും സൗദി ഗവണ്‍മെന്റും കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ നടപ്പാക്കാന്‍ റാബിഗ് ഫാക്ടറി സഹായിക്കുമെന്ന് ലൂസിഡ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഫൈസല്‍ അല്‍സുല്‍ത്താന്‍ പറഞ്ഞു. ലൂസിഡ് ഗ്രൂപ്പില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
 
2023 September 27SaudiLucidtitle_en: saudi lucid car

By admin

Leave a Reply

Your email address will not be published. Required fields are marked *