മലപ്പുറം ; വെളുക്കാനായി ഉപയോഗിക്കുന്ന ക്രീമുകൾ വൃക്ക രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ഗുരുതര വൃക്ക രോഗവുമായി നിരവധിപ്പേർ ചികിത്സ തേടിയിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും മലപ്പുറം ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചു. നെഫ്രോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും വൃക്കരോഗികളിൽ നടത്തിയ പരിശോധനയിലാണ് ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നവരിൽ അപൂർവ രോഗം പടരുന്നത് കണ്ടെത്തിയത്.
വെളുക്കാനായി ഉപയോഗിക്കുന്ന ഫെയര്‍നെസ് ക്രീമുകളിൽ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരിൽ മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് രോഗം കണ്ടെത്തിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിപണിയില്‍ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ല ഡ്രഗ്സ് കണ്ട്രോള് വിഭാഗം അറിയിച്ചു. സൗന്ദര്യവര്‍ധക ഉൽപന്നങ്ങളിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നമ്പര്‍, സാധനത്തിന്റെ പേരും വിലാസവും എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉൽപന്നങ്ങള് വില്പന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉൽപന്നങ്ങള് വില്‍ക്കുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം വ്യാജ ഫേഷ്യൽ ക്രീമുകൾ എത്തുന്നത്. മെർക്കുറി, ലെഡ് അടക്കമുള്ള ലോഹമൂലകങ്ങളാണ് ക്രീമുകളിൽ അടങ്ങിയിരിക്കുന്നത്. പല പേരുകളിൽ ഓൺലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇവ സുലഭമായി ലഭിക്കും. രോഗികളായവർ എല്ലാവരും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള വിവിധ പേരുകളിൽ പുറത്തിറങ്ങിയ ഫേഷ്യൽ ക്രീമുകളാണ്. ക്രീമുകൾ ഉപയോഗിച്ച രോഗികളിൽ മെർക്കുറി, ഈയം, കാഡ്മിയം, ആഴ്സനിക് തുടങ്ങിയ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും നൂറിലധികം മടങ്ങാണ് കണ്ടെത്തിയത്.
തുടക്കത്തിൽ മുഖം വെളുത്തു തുടുക്കുമെങ്കിലും പിന്നീട് അസുഖ ലക്ഷങ്ങൾ കണ്ടു തുടങ്ങും. ക്ഷീണം, മൂത്രത്തിൽ അമിതമായ പത, കാലുകൾ, മുഖം എന്നിവയിൽ വരുന്ന നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ക്രീം നിർത്തിയാൽ മുഖത്തിന് ചുളിവ് വരുന്നതായും കാണുന്നുണ്ട്.
14 വയസുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. രോഗിയിൽ അപൂര്‍വമായ നെല്‍ 1 എംഎന്‍ പോസിറ്റിവായിരുന്നു. മരുന്നുകള്‍ ഫലപ്രദമാകാതെ അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷിച്ചത്. ഇതോടെയാണ് ഫെയർനസ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേസമയത്തുതന്നെ കുട്ടിയുടെ ബന്ധുവായ കുട്ടികൂടി സമാന രോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. ഇരുവര്‍ക്കും അന്വേഷണത്തില്‍ ഈ കുട്ടിയും ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു.
പിന്നീട് 29 വയസ്സുകാരനായ മറ്റൊരു യുവാവുകൂടി സമാനലക്ഷണവുമായി വരുകയും അന്വേഷണത്തില്‍ ഇതേ ഫെയര്‍നെസ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ സമാനലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവന്‍ പേരോടും അന്വേഷിക്കുകയും എട്ടുപേര്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസിലാക്കുകയും ചെയ്തു. ഇതോടെയാണ് ഫെയര്‍നെസ് ക്രീം വിശദ പരിശോധനക്ക് വിധേയമാക്കിയതെന്ന് ഡോക്ടാർമാർ പറഞ്ഞു.
ഗുരുതരാവസ്ഥയിലായ 14കാരി സുഖം പ്രാപിച്ചതായി ആസ്റ്റർ മിംസ് മെഡിക്കൽ ചീഫ് ഡോ. പിഎസ് ഹരി പറഞ്ഞു. ഒരു വർഷത്തോളമായി ഈ കുട്ടി ചികിത്സയിലാണ്. എന്നാൽ അന്ന് രോഗം എങ്ങനെ വന്നെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ചികിത്സയിൽ കഴിയുമ്പോഴും കുട്ടി ക്രീം ഉപയോഗിച്ചിരുന്നു.
മറ്റ് ആശുപത്രികളിലും ഇത്തരം രോഗികൾ എത്തുന്നുണ്ടെന്നും ഡോക്ടർമാരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചൈന, പാകിസ്ഥാൻ,തുർക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉത്പന്നങ്ങൾ ഫാൻസി കടകളിലും ഓൺലൈൻ സൈറ്റുകളിലും വിൽപ്പന നടത്തുന്നത്. ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡോകർമാർ പറഞ്ഞു.