പത്തനംതിട്ട: വായ്പ വേണ്ടെന്ന് പറഞ്ഞതിന് പിഴയായി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ വായ്പ്പാ ആപ്പ്. തിരുവല്ല തുകലശേരി കുന്നുംപുറത്ത് എസ്. അനില്‍ കുമാറാണ് പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായി മൊബൈലില്‍ വന്ന ഓണ്‍ലൈന്‍ വായ്പ വേണ്ടെന്നു വച്ചതിനു മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി.
ബിസിനസുകാരനായ അനില്‍കുമാര്‍ കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഫെയ്‌സ്ബുക്കില്‍നിന്ന് ഓണ്‍ലൈന്‍ വായ്പയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതിന് പിന്നാലെ 7 ദിവസത്തെ വായ്പ കാലാവധിയില്‍ 9060 രൂപയുടെ വായ്പ അനുവദിച്ചു.
പിന്നാലെ ഓണ്‍ലൈനായി അക്കൗണ്ടില്‍ 4500 രൂപ കൂടി എത്തി. തുക ലഭിച്ച് അഞ്ചാം ദിവസം അനില്‍ കുമാര്‍ പണം അടച്ചു. പിന്നാലെ 15,000 രൂപ വായ്പ്പാ വാഗ്ദാനം വന്നു. ഇത് എടുത്തതോടെ അനിലിന്റെ അക്കൗണ്ടിലേക്ക് വീണ്ടും 9000 രൂപ അയച്ചു. ഇതേത്തുടര്‍ന്ന് 40,000 രൂപ നല്‍കാമെന്ന് വാഗ്ദാനവും എത്തി. ലഭിച്ച തുകയെല്ലാം അനില്‍ കൃത്യസമയത്ത് തിരിച്ചടച്ചു.
ഇതിനുശേഷം 24ന് ഒരു ലക്ഷം രൂപ നല്‍കണണമെന്ന അറിയിപ്പ് വന്നു. ഇതോടെ അനില്‍കുമാര്‍ വായ്പ വേണ്ടെന്നു സന്ദേശം അയച്ചു. തുടര്‍ന്ന് ലോണ്‍ ആപ്പും ഫോണില്‍നിന്നു നീക്കം ചെയ്തു. പിന്നാലെ രാത്രി 12ന് വാട്‌സാപ്പില്‍ ഇവര്‍ വിളിച്ച് വായ്പ്പാത്തുക പൂര്‍ണമായും തിരിച്ചടച്ചിട്ടില്ലെന്നും ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തയുടന്‍ അക്കൗണ്ടിലേക്ക് 40000 രൂപ കൂടിയെത്തി. ഇതോടെ വാട്‌സാപ്പ് നമ്പറിലേക്ക് വിളിക്കുകയും വായ്പ്പ ആവശ്യമില്ലെന്നും തുക തിരിച്ചെടുക്കണമെന്നും സന്ദേശം അയച്ചു. ഇതിനു പിന്നാലെയാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് അനിലിന്റെ നഗ്ദ ചിത്രങ്ങളടക്കം പ്രചരിക്കപ്പെട്ടത്. ഇതോടെ പത്തനംതിട്ട ജില്ലാ സൈബര്‍ സെല്ലില്‍ അനില്‍ കുമാര്‍ പരാതി നല്‍കുകയായിരുന്നു.