ജിദ്ദ: റിയാദിൽ നടക്കുന്ന രാജ്യാന്തര വിനോദസഞ്ചാര ദിനാഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിനോദസഞ്ചാര, തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രി ശ്രീപാദ് യെസ്സോ നായിക് പങ്കെടുക്കുന്നു.
ഇതിനായി ബുധനാഴ്ച അതിരാവിലെ സൗദി തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി ഓൗദ്യോഗിക പ്രതിനിധികൾ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
‘ടൂറിസവും ഹരിത നിക്ഷേപങ്ങളും’ എന്ന ശീർഷകത്തിൽ നടക്കുന്ന വിനോദസഞ്ചാര സമ്മേളനം വ്യാഴാഴ്ച അവസാനിക്കും. ഇതാദ്യമായാണ് സൗദി അറേബ്യ ഇത്തരമൊരു രാജ്യാന്തര സംഭവത്തിന് ആതിഥ്യമരുളുന്നത്. 120 രാജ്യങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികളാണ് ഇവൻറ്റിൽ പങ്കെടുക്കുന്നത്.
ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കുന്ന മന്ത്രി വ്യാഴാഴ്ച വൈകീട്ട് 4.30ന് റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹികപ്രതിനിധികളെ അഭിസംബോധന ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം.