തിരുവനന്തപുരം: ഡെലിവറി ബോയിയെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കഠിനംകുളം മുണ്ടന്‍ചിറ മണക്കാട്ടില്‍ വീട്ടില്‍ വിഷ്ണുവാ(24)ണ് പിടിയിലായത്.
ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ ഡെലിവറി ബോയിയെ മര്‍ദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി ഇയാള്‍ മുങ്ങുകയായിരുന്നു. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി ശരത്തിനാണ് മര്‍ദ്ദനമേറ്റത്.
പിടിയിലായ വിഷ്ണു പോക്‌സോ കേസുള്‍പ്പെടെ പതിനാറോളം കേസുകളില്‍ പ്രതിയാണെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുണ്ടന്‍ചിറപള്ളിക്ക് മുന്നിലായിരുന്നു സംഭവം.
ശരത്ത് ഓണ്‍ലൈന്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ പോകുന്നതിനിടെ വിഷ്ണു ബൈക്ക് തടഞ്ഞ് നിര്‍ത്തിയശേഷം അസഭ്യം വിളിക്കുകയും മുഖത്ത് ഇടിച്ചശേഷം ഡെലിവറി ബാഗില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച ബൈക്കില്‍ നിന്ന് ശരത്തിനെ ചവിട്ടി താഴെയിട്ട പ്രതി ഇയാളെ വീണ്ടും മര്‍ദ്ദിച്ച ശേഷം ഡെലിവറി ബാഗുമായി സ്ഥലത്ത്‌നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.