ഡല്‍ഹി: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി മനേക ഗാന്ധി. ഇസ്‌കോണ്‍, രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്നും അവര്‍ ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നും എംപി ആരോപിച്ചു.
ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്ന മനേക ഗാന്ധിയുടെ വീഡിയോയില്‍, ഇസ്‌കോണ്‍ ഗോശാലകള്‍ സ്ഥാപിക്കുകയും സ്ഥലത്തിന്റെ രൂപത്തില്‍ സര്‍ക്കാരില്‍ നിന്ന് പരിധിയില്ലാത്ത ആനുകൂല്യങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നുവെന്നും എംപി ആരോപിക്കുന്നു.
‘ഞാന്‍ അടുത്തിടെ അവരുടെ അനന്ത്പൂര്‍ ഗൗശാല (ആന്ധ്രപ്രദേശ്) സന്ദര്‍ശിച്ചു, അവിടെ ഒരു പശുവിനെ പോലും നല്ല സ്ഥിതിയില്‍ കണ്ടില്ല. ഗോശാലയില്‍ പശുക്കുട്ടികളില്ലായിരുന്നു, അതായത് അവയെല്ലാം വിറ്റുപോയി’ മനേക ഗാന്ധി ആരോപിച്ചു.
‘ഇസ്‌കോണ്‍ അവരുടെ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്, അവരേക്കാള്‍ കൂടുതലായി മറ്റാരും ഇത് ചെയ്യുന്നില്ല. ‘ഹരേ രാമ ഹരേ കൃഷ്ണ’ എന്ന് ഉരുവിട്ട് നടന്നും അവരുടെ ജീവിതം മുഴുവന്‍ പാലിനെ ആശ്രയിച്ചാണെന്നും പറയുന്നവരാണിവര്‍’ മനേക ഗാന്ധി വീഡിയോയില്‍ പറയുന്നു.