അഹമ്മദാബാദ്: ഗര്‍ബ നൃത്ത പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ വിനീത് കുന്‍വരിയ(19)യാണ് മരിച്ചത്. ഗുജറാത്തിലെ ജാംനഗറില്‍ തിങ്കളാഴ്ച പട്ടേല്‍ പാര്‍ക്കിനടുത്തുള്ള ഗര്‍ബ നൃത്ത ക്ലാസില്‍ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം.
നവരാത്രിയോട് അനുബന്ധിച്ചായിരുന്നു പരിശീലനം. ഗര്‍ബ നൃത്തത്തിന്റെ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ വിനീത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ജിജി ഹോസ്പിറ്റലിലേക്കും മാറ്റി.
ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. രണ്ടു മാസമായി വിനീത് ഗര്‍ബ ക്ലാസില്‍ വരുന്നുണ്ടായിരുന്നെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും മുമ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പരിശീലകന്‍ ധര്‍മ്മേഷ് റാത്തോഡ് പറഞ്ഞു.