കൊതുക്‌ പരത്തുന്ന ഈ വൈറല്‍ അണുബാധ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണത്തെ ഗണ്യമായി കുറയ്‌ക്കാറുണ്ട്‌. ഇതിന്‌ പ്രതിവിധിയായി പപ്പായയുടെ ഇല (Papaya Leaf) അരച്ച്‌ ജൂസായി കുടിക്കണമെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ വാട്സാപ്പിലൂടെയും മറ്റും ലഭിച്ചിരിക്കാം. എന്നാല്‍ ഈ വാദത്തിന്‌ ശാസ്‌ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ലെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. പപ്പായ ഇലകള്‍ക്ക്‌ എന്തെങ്കിലും ഔഷധ ഗുണമുള്ളതായി അറിയില്ലെന്നും അത്‌ കഴിക്കുന്നതു മൂലം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌ കൗണ്ട്‌ വർധിക്കുമെന്നതിന് യാതൊരു ശാസ്‌ത്രീയ തെളിവുകളും ലഭ്യമല്ല.
മാത്രമല്ല, പപ്പായ ഇല അരച്ചു കുടിക്കുന്നത്‌ ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരില്‍ പ്രതികൂല ഫലങ്ങളും ഉണ്ടാക്കിയേക്കാം. പച്ചയില അരച്ച്‌ കുടിക്കുന്നത്‌ അലര്‍ജി പ്രശ്‌നങ്ങളും വയറിനും കുടലിനും അസ്വസ്ഥതയും മറ്റ്‌ സങ്കീര്‍ണ്ണതകളും ഉണ്ടാക്കാം. ഇത്‌ മൂലം ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായാല്‍ ഡെങ്കിപ്പനി മൂലം ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണത്തിന്റെ തോത്‌ വർധിക്കാമെന്നും ഡോ. കുമാര്‍ ചൂണ്ടിക്കാട്ടി. പപ്പായ ഇല അരച്ച്‌ കുടിക്കുന്നതിന്‌ പകരം പഴങ്ങളും പച്ചക്കറികളും സൂപ്പും ഇളനീരുമൊക്കെയാണ്‌ രോഗികള്‍ക്ക്‌ നല്‍കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച രോഗികളില്‍ ഏഴാം നാളിന്‌ ശേഷം പ്ലേറ്റ്‌ലെറ്റ്‌ എണ്ണം വർധിക്കാറുണ്ടെന്നും ഇത്‌ പപ്പായ ഇല കഴിച്ചതു മൂലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിരിക്കാം.
ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണിനു പിന്നില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികള്‍ക്ക്‌ വീക്കം, തൊലിപ്പുറത്ത്‌ തിണര്‍പ്പുകള്‍ എന്നിവയാണ്‌ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. വൈറസ്‌ ഉള്ളില്‍ പ്രവേശിച്ച്‌ നാലു മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ വെളിപ്പെടും. രണ്ട്‌ മുതല്‍ ഏഴു ദിവസം വരെ ഇവ തുടരാം. ഡെങ്കിപ്പനിക്ക്‌ പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ക്കാണ്‌ ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിക്കുക. ഡെങ്കിപ്പനി പരക്കാതിരിക്കാന്‍ കൊതുക് കടിയേല്‍ക്കാനുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്‌. ശരീരം മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍, കൊതുക്‌ വല, കൊതുക്‌ റിപ്പല്ലന്റുകള്‍, കോയിലുകള്‍, വെപ്പറൈസറുകള്‍ എന്നിവ സഹായകമാണ്‌. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന്‌ കൊതുക്‌ മുട്ടയിട്ട്‌ വളരുന്ന സാഹചര്യവും ഒഴിവാക്കേണ്ടതാണ്‌. 

By admin

Leave a Reply

Your email address will not be published. Required fields are marked *