മെറിറ്റിനു മുകളിൽ പണവും സ്വാധീനവും ജാതി സംവരണങ്ങളും വരുന്പോൾ അർഹതപ്പെട്ട അവസരങ്ങൾ മിടുക്കരായവർക്കു പോലും നഷ്ടമാകുന്നു. അധികാരവും പണവും ഉള്ളവർക്ക് ഒരു നീതി, സാധാരണക്കാരനു മറ്റൊരു നീതി എന്ന പരാതി ചെറുപ്പക്കാർക്കുണ്ട്.
സ്വന്തം നാട്ടിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ഇല്ലെന്നോ തീർത്തും കുറവാണെന്നോ യുവാക്കൾ കരുതുന്നു. ഭരണത്തിലിരിക്കുന്ന പാർട്ടികളുടെ ആളുകൾക്കാണു ജോലി തരപ്പെടുന്നതെന്ന ധാരണയും വ്യാപകമാണ്.നാട്ടിലെ വരുമാനക്കുറവും നല്ല തൊഴിലവസരങ്ങളുടെ ലഭ്യതയില്ലായ്മയും വലിയ പ്രശ്നമാണ്. ഒപ്പം സംഘടിത ശക്തികളുടെ തോന്ന്യാസങ്ങൾ, കൂടിവരുന്ന കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, സംഘർഷങ്ങൾ എന്നിവ മുതൽ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ മേൽ പലതരത്തിലുള്ള കടന്നുകയറ്റങ്ങൾ വരെയുള്ളവ പുതുതലമുറയെ നാടുവിടാൻ പ്രേരിപ്പിക്കുന്നു.പഠനം, ജോലി എന്നിവയാണു പുതിയകാല വിദേശ കുടിയേറ്റത്തിൽ മുഖ്യം. യുപിഎസ്സി, കേരള പിഎസ്സി എന്നിവ തുടങ്ങിയ മത്സര പരീക്ഷകൾ എഴുതി ജയിക്കാത്തവരും അതിനു ശ്രമിക്കാത്തവരും സ്വകാര്യ ജോലികൾക്കായി നെട്ടോട്ടത്തിലാണ്. ഭേദപ്പെട്ട ജോലി കിട്ടാത്തവരും കിട്ടില്ലെന്നു കരുതുന്നവരുമായ യുവാക്കളും നാടുവിട്ടു പറക്കുന്നവരിലുണ്ട്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ആശ്രയിച്ച് എങ്ങിനെയും വിദേശത്തു ജോലി സന്പാദിക്കാമെന്നു വിശ്വസിച്ചു പോകുന്നവരുമുണ്ട്. എന്നാൽ വിദേശത്തു മിന്നുന്നതെല്ലാം പൊന്നല്ല.പഠനാവശ്യത്തിനായി വിദേശത്തേക്കു പോകുന്നവരിൽ ഏറിയ പങ്കും അതാതു രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്നതു പതിവാണ്. കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ, ജർമനി, അമേരിക്ക തുടങ്ങിയ പല രാജ്യങ്ങളിലേക്കു സ്റ്റുഡന്റ് വീസയിൽ പോകുന്നതു തന്നെ എങ്ങിനെയെങ്കിലും അവിടെ സ്ഥിരതാമസം (പെർമനന്റ് റെസിഡൻസി- പിആർ, തുടർന്നു പൗരത്വം) തരപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ്. കുടുംബത്തിൽ ഒരാൾ വിദേശത്ത് എത്തിയാൽ ബാക്കിയുള്ളവർ കൂടി അതേ പാതയിൽ നാടുവിടുകയാണ്.അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും അടക്കം മലയാളികൾ ഇല്ലാത്ത രാജ്യങ്ങൾ കുറവാകും. ചന്ദ്രയാൻ 3 ഇറങ്ങുന്നതിനു മുന്പേ ചന്ദ്രനിൽ ചായക്കട നടത്തിയിരുന്ന മലയാളിയെക്കുറിച്ചുള്ള തമാശ അതിശയോക്തിയാണ്.
എന്നാൽ ലോകത്തിലെ ഏതു സാഹചര്യങ്ങളുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടാനും കഷ്ടപ്പാടുകളെ തരണം ചെയ്യാനുമുള്ള മലയാളികളുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും ആർക്കും നിഷേധിക്കാനാകില്ല. നാട്ടിൽ ഉഴപ്പിയാലും നാടുവിട്ടാൽ എത്ര നന്നായി ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർമാരും നഴ്സുമാരും എൻജിനിയർമാരും സാധാരണ തൊഴിലാളികളും അടക്കമുള്ള മലയാളികൾ തെളിയിച്ചിട്ടുണ്ട്.വിദേശ രാജ്യത്തു പൗരത്വമെടുത്തു കുടുംബം മുഴുവനായിത്തന്നെ അവിടെ സ്ഥിരതാമസമാക്കിയവർ വളരെയേറെയുണ്ട്. എന്നാൽ, എല്ലാവരും അങ്ങിനെയല്ല. ഗൾഫ് രാജ്യങ്ങളിലും ഇതര ഇസ്ലാമിക രാജ്യങ്ങളിലും വിദേശികളായവർക്കു പൗരത്വമോ പിആറോ നൽകാറില്ല.പരമാവധി 10 വർഷത്തെ ഗോൾഡൻ വീസയാണു യുഎഇ നൽകുന്നത്. സാധാരണ വിനോദ സഞ്ചാരികൾക്കുപോലും അമേരിക്ക 10 വർഷത്തെ വീസ നൽകാറുണ്ട്. അറബ് രാജ്യങ്ങളിൽ സ്ഥിരതാമസം നടക്കാത്തതിനാൽ പ്രവാസികളായ ഇന്ത്യക്കാർക്ക് എന്നെങ്കിലും നാട്ടിലേക്കു മടങ്ങിയേ പറ്റൂ.പാശ്ചാത്യ രാജ്യങ്ങളിൽ ഉൾപ്പെടെ വിദേശ മലയാളികളുടെ ജീവിതം സുഖലോലുപത മാത്രമാണെന്നു കരുതുന്നവർക്കു തെറ്റും. വിദേശത്തേക്കുള്ള പറിച്ചുനടീലിൽ അവർക്കു നഷ്ടങ്ങളേറെയാണ്. വേരുകളറ്റു പോകുന്നതിന്റെ വേദന അനുഭവിച്ചവർക്കു മനസിലാകും.
കേരളത്തിലെ ഗ്രാമീണ ജീവിതം, കേരളീയ ഭക്ഷണം, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി മാതൃഭാഷയോടും മാതൃരാജ്യത്തോടും സംസ്കാരത്തോടും കുടുംബ മൂല്യങ്ങളോടും അകന്നു പോകുന്ന മക്കൾ വരെയുള്ള നിരവധി കാര്യങ്ങൾ. വർഷങ്ങൾക്കു മുന്പേ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിപ്പെട്ടവർ അവിടെ സ്ഥിരതാമസവും പൗരത്വവും നേടിയെങ്കിലും സാംസ്കാരികവും സാമൂഹികവുമായ ശൂന്യത അവരെ അലട്ടുന്നു.
അച്ഛൻ ഒരു വഴിക്ക്, അമ്മ മറുവഴിക്ക്, മക്കൾ വേറെ വഴികളിൽ. ഇതിനിടയിൽ എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പ്രാർഥിക്കുന്നതും വിശദമായി തുറന്നു സംസാരിക്കുന്നതും പോലും അന്യമാകുന്നു. വിശ്വസിക്കാവുന്ന നല്ല സുഹൃത്തുക്കൾ പോലും ഇല്ലാതാകും.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ പലരും യാഥാർഥ്യം തിരിച്ചറിയാൻ വൈകും. ഇക്കാര്യങ്ങൾ സ്വയം ബോധ്യപ്പെടുന്പോഴേക്കും വീണ്ടും ചേരാൻ കഴിയാത്ത വിധമുള്ള ഒരുതരം അകൽച്ച പരസ്പരം വളരും. ഭാര്യാ, ഭർതൃ, മക്കൾ ബന്ധത്തിലെ ഊഷ്മളത കുറയുന്നതു മാത്രം വൈകി തിരിച്ചറിയും. യാന്ത്രികമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ ഏറെയാണ്.ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പറിച്ചുനടുന്ന വിദ്യാർഥികളുടെ പ്രതിസന്ധി കൂടുതൽ സങ്കീർണമാണ്. ഇന്ത്യൻ സർവകലാശാലകളിലെയും നാട്ടിലെ കോളജുകളിലെയും പരന്പരാഗത കോഴ്സുകൾ യുവാക്കളുടെ ഭാവിക്ക് ഉതകുന്നില്ലെന്ന പരാതി കാണാതെ പോകരുത്. ഇത്തരം കോഴ്സുകൾക്ക് ആവശ്യത്തിനു വിദ്യാർഥികളില്ലാത്ത സ്ഥിതി കേരളത്തിലുണ്ട്. കോവിഡിനു ശേഷം വിദേശ പഠനം മുന്പത്തേതിലും വലിയ ട്രെൻഡ് ആയി മാറി.തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടുത്താൻ കോളജുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ആഗോള തലത്തിൽ മൽസരിക്കാൻ കഴിയുന്ന നിലവാരം മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമില്ല. സർക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും രാഷ്ട്രീയക്കളികൾ അക്കാഡമിക് നിലവാരം തകർക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ ഇപ്പോഴും പരിഹാരമില്ല.
വിദേശപഠനത്തിനു മക്കളെ അയയ്ക്കുന്ന മാതാപിതാക്കൾ അതുസംബന്ധിച്ച വിശദാംശങ്ങൾ പോലും അറിയാറില്ല. മകന്റെയോ മകളുടെയോ ആഗ്രഹത്തിനു വഴങ്ങി ഇല്ലാത്ത പണം എങ്ങിനെയും ഉണ്ടാക്കി നൽകുന്നവർ വിദേശപഠനത്തിന്റെ പ്രശ്നങ്ങൾ, പ്രതിസന്ധികൾ, ചതിക്കുഴികൾ, ആപത്തുകൾ തുടങ്ങിയവയൊന്നും അറിയില്ല. വിദേശത്തെത്തിയ എല്ലാവർക്കും പഠനവും ജോലിയും ജീവിതവും സുഗമമല്ലെന്ന് അവിടെയുള്ളവർ സാക്ഷ്യപ്പെടുത്തും.നാടിനെയും മലയാളത്തെയും സ്നേഹിക്കുന്പോഴും വിദേശത്തെ ജീവിതം ഉപേക്ഷിക്കാൻ കഴിയാത്തവരാണു കൂടുതൽ. പാശ്ചാത്യ രാജ്യങ്ങൾക്കു പുറമെ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലേക്കു കുടിയേറിയവരും കുറവല്ല. വിദേശരാജ്യത്തെ ജോലിയുടെ നെട്ടോട്ടത്തിനിടയിൽ കുടുംബം പോറ്റാനുള്ള കഷ്ടപ്പാടുകൾ ചെറുതല്ല.
വായ്പയെടുത്ത് കാറും വീടും വാങ്ങിക്കുന്നതു മുതൽ മക്കളെ വളർത്തുന്നതുവരെയെല്ലാം വലിയ വെല്ലുവിളികളാണ്. നാട്ടിലേതുപോലെ സഹായിക്കാൻ ആരുമില്ലെന്നതാണു പ്രധാന വ്യത്യാസം. മാനസികമായ പിന്തുണയ്ക്കു പോലും ആരുമില്ലാത്ത അവസ്ഥ. ആവശ്യത്തിലേറെ പണം കൈവരുന്പോൾ ജീവിതത്തിന്റെ സായംസന്ധ്യയിലെത്തും.പ്രവാസ ജീവിതം തുടർന്നാലും അവസാനിപ്പിച്ചു തിരിച്ചെത്തിയാലും എൻആർഐകൾ എന്ന മുദ്ര കുത്തപ്പെട്ടവരുടെ ജീവിതം കൂടുതൽ സങ്കീർണമാകുന്നു. പ്രവാസികൾക്കും മക്കൾക്കും കൊച്ചുമക്കൾക്കും സാന്പത്തികവും സാമൂഹികവും വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ പലതാണ്. നാട്ടുകാരുടെ പതിവുള്ള ചൊറിയുന്ന കമന്റുകൾ പോലും അലോസരപ്പെടുത്തും.
മലയാളിത്തം വിടാതെ കുടുംബമൂല്യങ്ങളും വിശ്വാസജീവിതവും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്ന പ്രവാസികളും വളരെയുണ്ട്. എന്നാൽ ഇതേ സംസ്കാരവും മൂല്യങ്ങളും വിശ്വാസവും അടുത്ത തലമുറയിലേക്കു കൈമാറാൻ മിക്കവർക്കും കഴിയുന്നില്ലെന്നതു ഗൗരവമുള്ളതാണ്.എങ്കിലും മലയാളികളുടെ ജീവിതം പലതരത്തിലുള്ള പ്രവാസവുമായി ചേർന്നാണു പോകുന്നത്. പ്രവാസത്തിനും നാട്ടിലെ ജീവിതത്തിനുമിടയിലെ നൂൽപാലത്തിലൂടെയാണ് ഒരു തലമുറയുടെ യാത്ര. മലയാളി ആയിരിക്കുന്പോഴും മലയാളിത്തവും സ്വത്വബോധവും നഷ്ടമാകുന്ന അവസ്ഥ. പക്ഷേ, മലയാളവും കേരളത്തനിമയും പാടെ ഉപേക്ഷിക്കാൻ ഇപ്പോഴുള്ള തലമുറ തയാറുമല്ല.
എത്ര നല്ല കോണ്ടിനെന്റൽ, അറബി ഭക്ഷണം കിട്ടിയാലും നാടൻ ചോറും ചമ്മന്തിയും മീൻകറിയും ബീഫ് ഉലർത്തിയതും ഒക്കെയാണു വിദേശ മലയാളിക്കിഷ്ടം.
ജോര്ജ്ജ് കള്ളിവയലില്