തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തെ തുടർന്നാണ് പരാതി നൽകിയത്.
അഖിലിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരനെയോ ഇടനിലക്കാരനെയോ അറിയില്ലെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതി അഖിൽ മാത്യുവിന്റെ പേരു പറഞ്ഞ് ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന ചെയ്തു മലപ്പുറം സ്വദേശിയായ ഹരിദാസില്‍നിന്ന് പണം കൈപ്പറ്റിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് അഖിൽ പരാതി നൽകിയത്.
പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെതിരെയാണ് അന്വേഷണം. ഐപിസി 419, 420 (വഞ്ചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയായ ഇയാൾ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ അഖിൽ മാത്യുവിനെ പരിചയപ്പെടുത്തിയതെന്നാണ് ഹരിദാസൻ ആരോഗ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്.