കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ ആവശ്യം. പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയില്‍ വരും.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡിയിലും ജാമ്യാപേക്ഷയിലും തീരുമാനം എടുക്കുന്നത്. അരവിന്ദാക്ഷനും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട സികെ ജില്‍സും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. എറണാകുളം സബ് ജയിലിലേക്കാണ് രണ്ട് പേരെയും കഴിഞ്ഞ രാത്രിയോടെ മാറ്റിയത്. അരവിന്ദാക്ഷന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് സാധൂകരിക്കുന്ന തെളിവ് അരവിന്ദാക്ഷന്‍ നല്‍കിയില്ല. 2015 – 17 കാലയളവില്‍ വന്‍തുക അക്കൗണ്ടിലൂടെ കൈമാറി. 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടില്‍ വന്നു.
സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത ഇല്ല. ബെനാമി വായ്പ തട്ടിപ്പിലൂടെ പണമാണിതെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി വരവില്‍ കൂടുതല്‍ ഇടപാട് ഉണ്ട്. ഇതിന്റെ സ്രോതസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷന്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല. എട്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.