മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യാ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയെത്തുന്ന ചിത്രമാണ് 800. മധുർ മിത്തലാണ് ചിത്രത്തിൽ മുരളീധരനെ അവതരിപ്പിക്കുന്നത്. ആ വരുന്ന ഒക്ടോബർ ആറിന് തിയേറ്ററുകളിലെത്താനിരിക്കേ ചിത്രത്തേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് മുരളീധരൻ. മുമ്പ് നായകനാവേണ്ടിയിരുന്ന വിജയ് സേതുപതിയുടെ പിന്മാറ്റത്തേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

എം.എസ് ശ്രീപതിയാണ് 800 എന്ന ചിത്രത്തിന്റെ സംവിധായകൻ. ചിത്രം പ്രഖ്യാപിച്ചതിനുപിന്നാലെ വിജയ് സേതുപതി പ്രോജക്റ്റിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് കാരണം ചില സമ്മർദങ്ങളായിരുന്നെന്നാണ് മുത്തയ്യാ മുരളീധരന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. സംവിധായകൻ ശ്രീപതിയാണ് വിജയ് സേതുപതിയെ നായകനാക്കാമെന്ന് നിർദേശിച്ചതെന്നും മുൻ ക്രിക്കറ്റർ പറഞ്ഞു.

“ഞാൻ ഐ.പി.എൽ മത്സരങ്ങൾ കളിച്ചിരുന്ന സമയമായിരുന്നു അത്. ഞാൻ താമസിച്ചിരുന്ന അതേ ഹോട്ടലിലായിരുന്നു ഒരു ചിത്രീകരണത്തിനെത്തിയ വിജയ് സേതുപതിയും തങ്ങിയിരുന്നത്. എന്റെ ആരാധകൻ കൂടിയായ വിജയ് സേതുപതി തമ്മിൽ കാണാമെന്ന് സമ്മതിച്ചു. ഇതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം രാത്രി എട്ടുമണിക്ക് ശേഷം രണ്ടുമണിക്കൂർ നേരം തിരക്കഥ കേൾക്കാനുള്ള അവസരമൊരുങ്ങി. തിരക്കഥ വായിച്ചുകേട്ടതോടെ വിജയ് താനിത് ചെയ്യുമെന്ന് വളരെയധികം സന്തോഷത്തോടെ പറഞ്ഞു. ഇങ്ങനെയൊരു സിനിമയുടെ ഭാ​ഗമാവാൻ കാത്തിരിക്കുന്നെന്നും പറഞ്ഞു. പിന്നീട് നിർമാതാക്കളും റെഡിയായി.” മുരളീധരൻ പറഞ്ഞു.
എന്നാൽ പിന്നീട് വിജയ് സേതുപതിക്ക് വളരെയധികം സമ്മർദങ്ങളെ നേരിടേണ്ടിവന്നുവെന്ന് മുത്തയ്യ പറഞ്ഞു. ചിലർ വിജയ് സേതുപതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകവരെ ചെയ്തു. ഇതൊരു സ്പോർട്സ് മൂവിയാണ്. യാതൊരുവിധ രാഷ്ട്രീയ പരാമർശങ്ങളും ചിത്രത്തിലില്ല. പക്ഷേ ഇതൊരു മനുഷ്യന്റെ യഥാർത്ഥ കഥയാണെന്നും മുത്തയ്യാ മുരളീധരൻ കൂട്ടിച്ചേർത്തു. എൽടിടിഇയുമായുള്ള ആഭ്യന്തരയുദ്ധത്തിൽ മുരളീധരൻ തന്റെ സർക്കാരിനെ പിന്തുണച്ചുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *