കാസർകോട് – എൺപത് കിലോമീറ്റർ ദൂരത്തിൽ മനോഹരമായ കടൽ തീരം ഉണ്ടായിട്ടും വിനോദ സഞ്ചാരികളെ വടക്കൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ബീച്ച് ടൂറിസം പദ്ധതികളും ആഘോഷവും ബേക്കലിൽ ഒതുങ്ങുകയാണ്. ബേക്കൽ പദ്ധതിക്ക് വേണ്ടി മാത്രം രൂപം കൊണ്ട ബി.ആർ.ഡി.സി ആ അതിർത്തി വിട്ട് പുറത്ത് വരാതിരിക്കുകയും ഡി.ടി.പി.സികളുടെ പദ്ധതികൾക്ക് വേഗം പോരാതിരിക്കുകയും ചെയ്യുമ്പോൾ മികച്ച ടൂറിസം സാധ്യതകളുള്ള കടപ്പുറങ്ങളാണ് നമുക്ക് നഷ്ടപ്പെടുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ തലപ്പാടി മുതൽ വലിയപറമ്പ് പഞ്ചായത്തിലെ തയ്യിൽ കടപ്പുറം വരെ ഏകദേശം 80 കിലോമീറ്റർ കടൽതീരമുണ്ട്. 
മഞ്ചേശ്വരം, മംഗൽപാടി, കുമ്പള, മൊഗ്രാൽപുത്തൂർ, ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ, നീലേശ്വരം, ചെറുവത്തൂർ, വലിയപറമ്പ് എന്നീ 12 ഗ്രാമ പഞ്ചായത്തുകൾക്കും കാസർകോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികൾക്കും സ്വന്തമായി കടൽ തീരങ്ങളുണ്ട്. എന്നാൽ വൻകിട ടൂറിസം വികസന പദ്ധതികളൊന്നും ഈ കടപ്പുറങ്ങൾക്ക് സർക്കാർ നൽകിയില്ല. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ആഘോഷ വേളകളിലും ബേക്കൽ ബീച്ച് പാർക്കിൽ കാലുകുത്താൻ പറ്റാറില്ല. ബീച്ച് ഫെസ്റ്റുകളും  ബേക്കലിനെ കേന്ദ്രീകരിച്ച് മാത്രമാണ് നടത്തുന്നത്. അതേസമയം ബേക്കലിനെക്കാൾ നല്ല വിശാലമായ ബീച്ചുകൾ ജില്ലയിൽ നിരവധിയുണ്ട്. അവിടെ അടിസ്ഥാന സൗകര്യമുണ്ടാക്കാനും സൗന്ദര്യവൽക്കരണമൊരുക്കാനും ആരും തയ്യാറാകുന്നില്ല. 
കടലിനും റെയിലിനും ഇടയിൽ ഒതുങ്ങിയ ബേക്കൽ ബീച്ച് പാർക്കിനേക്കാൾ പുലിമുട്ടുകളും അഴിമുഖവും പോലെ കുറേ സ്ഥലങ്ങൾ ജില്ലയിലെ മറ്റു കടപ്പുറങ്ങളിൽ ഉണ്ട്. അവ വലിയ തോതിൽ വികസിപ്പിക്കാവുന്നതാണ്. വലിയപറമ്പിലെ ബീച്ചുകൾ, ഒരിയര, മാവിലാക്കടപ്പുറം പുലിമുട്ട്, നീലേശ്വരത്തെ അഴിത്തല, ഹോസ്ദുർഗ് ബിച്ച്, ചെമ്പിരിക്ക, കിഴൂർ, ഉദുമ
കോടി കടപ്പുറം, കാസർകോട് കസബ കടപ്പുറം, മഞ്ചേശ്വരം കണ്വതീർത്ഥ തുടങ്ങിയ സ്ഥലങ്ങളിലെ സൗന്ദര്യ തീരങ്ങൾ വിനോദ സഞ്ചാര മേഖലക്കായി പ്രയോജനപ്പെടുത്താവുന്നതണ്. ബേക്കൽ ഫെസ്റ്റ് മാതൃകയിലുള്ള ആഘോഷങ്ങൾ ഈ ടൂറിസം സാധ്യത ബീച്ചുകളിലും സംഘടിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
2023 September 26Keralaഉദിനൂർ സുകുമാരൻ

By admin

Leave a Reply

Your email address will not be published. Required fields are marked *