ബോയപതി ശ്രീനുവും റാം പോത്തിനേനിയും ഒന്നിക്കുന്ന ഏറ്റവുംപുതിയ ചിത്രമാണ് ‘സ്‌കന്ദ’. സെപ്റ്റംബർ 28-ന് കേരളത്തിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ മലയാളം റിലീസ് ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് വീഡിയോ നേരത്തേ ചുരുങ്ങിയ സമയംകൊണ്ട് വൈറലായിരുന്നു.
ഒക്ടോബർ 20-ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെയാക്കിയതോടെ ആരാധകർ ആവേശത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാമിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് റാം സ്കന്ദയിൽ എത്തുന്നത്. ശ്രീകാന്ത്, പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിൽ. സ്റ്റൺ ശിവ ഒരുക്കിയ സംഘട്ടനരംഗങ്ങളാവും ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ – സന്തോഷ് ദെതകെ, സംഗീതം – തമൻ, എഡിറ്റിങ് – തമ്മു രാജു.