തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ ജയിൽ മോചനം വൈകും. കേസിൽ ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉടനെ ജയിൽ മോചിതയാകാൻ കഴിയില്ല. ഗ്രീഷ്മയ്‌ക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനെ തുടർന്നാണ് ഇത്.
ഷാരോൺ കൊലക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഗ്രീഷ്മ ബാത്‌റൂം ക്ലീനർ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്ത കേസാണ് ജയിൽ മോചനത്തിന് വിലങ്ങുതടിയാകുന്നത്. ഈ കേസ് നിലവിൽ പാറശ്ശാല കോടതിയുടെ പരിഗണനയിലാണ്. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ ഗ്രീഷ്മയ്ക്ക് ജയിൽ മോചിതയാകാം.
കൊലകേസിൽ ഹൈക്കോടതി ജാമ്യം നൽകി എങ്കിലും വിചാരണക്കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടതുണ്ട്. ഈ തുകയും കണ്ടെത്തണം. നിലവിൽ ആലപ്പുഴ മാവേലിക്കര സ്‌പെഷൽ സബ് ജയിലിലാണ് ഗ്രീഷ്മയുള്ളത്. നേരത്തെ അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നു. സഹതടവുകാർ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇവിടെ നിന്നും മാറ്റിയത്.
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഗ്രീഷ്മ അറസ്റ്റിലായത്. ശേഷം ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ജയിലിൽ തുടരുകയായിരുന്നു. കേസിന്റെ വിചാരണ നീണ്ട് പോകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലായിരുന്നു പ്രതിയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്.