കോട്ടയം: അയ്മനത്തെ കർണാടക ബാങ്ക് ശാഖയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത ​ഗൃഹനാഥന്റെ മൃതദേഹവുമായി പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവ‍ർത്തകരാണ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധ മാ‍ർച്ച് നടത്തിയത്. മരിച്ച കെ സി ബിനുവിന്റെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവ‍ർത്തകർക്കൊപ്പം പ്രതിഷേധിക്കുകയാണ്. ജെയ്ക്ക് സി തോമസ് അടക്കമുള്ള പ്രവർത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

ബാങ്കിന് മുന്നിൽ മൃതദേഹം കെട്ടിപ്പിടിച്ച് വാവിട്ടുകരയുന്ന ബിനുവിന്റെ കുടുംബത്തെയാണ് പ്രതിഷേധത്തിൽ കാണാനാകുന്നത്. ബാങ്കിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ മുന്നോട്ട് പോകാൻ ശ്രമം നടത്തി. ബാങ്കുകളുടെ ഇത്തരം ക്രൂരതകൾ അനുവദിക്കില്ലെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. കോട്ടയം ജില്ലാ കളക്ടറോ എസ്പിയോ സ്ഥലത്തെത്തി ബാങ്കിനെതിരെ നടപടിയെടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജെയ്ക്ക് പറഞ്ഞു.

ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ബാങ്ക് ആക്രമിച്ചു. പൊലീസിനെ മറികടന്ന് പ്രവർത്തകർ ബാങ്ക് തല്ലിത്തകർക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. ഇതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ജെയ്ക്ക് സി തോമസ് അടക്കമുള്ളവർ പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതിഷേധക്കാർ മുദ്രാവാക്യവുമായി ബാങ്കിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *