വലപ്പാട്: ലയണ്‍സ് ക്ലബ്ബിന്റെ ‘ക്ലബ്ബ് ഹൗസ്’ നിര്‍മാണത്തിനായി മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി പി നന്ദകുമാര്‍ അഞ്ചു സെന്റ് ഭൂമി നല്‍കി. വലപ്പാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അജിത്ത് പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി പി നന്ദകുമാര്‍ ക്ലബ്ബ് ഹൗസ് കെട്ടിടത്തിന് തറക്കല്ലിട്ടു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി, ലയണ്‍സ് ക്ലബ്ബ് മേഖലാ ചെയര്‍പേഴ്‌സണ്‍ ആനി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊതു, സ്വകാര്യ ചടങ്ങുകള്‍ മിതമായ നിരക്കില്‍ സംഘടിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ മീറ്റിംഗ് ഹാള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ് ക്ലബ്ബ് ഹൗസില്‍ ഒരുക്കുന്നത്. ഭൂമിക്ക് പുറമെ, ക്ലബ്ബ് ഹൗസ് നിര്‍മ്മിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ലയണ്‍സ് ക്ലബ്ബിന് പ്രഖ്യാപിച്ചു. നേരത്തെ, വലപ്പാടുള്ള മറ്റുരണ്ടു ലയണ്‍സ് ക്ലബ്ബുകളായ ഷൈനിങ് സ്റ്റാറിനും എക്‌സെലിനും വി പി നന്ദകുമാര്‍ ഭൂമി നല്‍കുകയും തുക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സേവന പ്രവര്‍ത്തനങ്ങളില്‍ മാതൃക തീര്‍ക്കുന്ന ലയണ്‍സ് ക്ലബ്ബുകള്‍ക്ക് ആധുനിക രീതിയിലുള്ള ക്ലബ്ബ് ഹൗസ് നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു ലയണ്‍സ് ക്ലബ്ബ് പ്രസ്ഥാനത്തിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കൂടിയായ വി പി നന്ദകുമാര്‍ പറഞ്ഞു. ക്ലബ്ബ് ഹൗസ് നിര്‍മാണത്തിനുള്ള തുക സ്‌പോണ്‍സര്‍ ചെയ്യുന്നത് മണപ്പുറം ഫിനാന്‍സാണ്.