മണ്ണാർക്കാട്: വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന വന്യ ജീവി വാരാഘോഷത്തിന് ഒക്‌ടോബർ രണ്ടിന് തുടക്കമാകും. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് മണ്ണാർക്കാട് റേഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സമൂഹത്തിൽ എത്തിക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.
വന്യജീവി വാരാഘോഷവും ഗാന്ധിജയന്തിയും പ്രമാണിച്ച് സൈലന്റ് വാലി ബഫർ സോണിൽ രണ്ടു കിലോമീറ്റർ സോളാർ ഹാങ്ങിങ് ഫെൻസിംഗ് പരിശീലന ക്യാമ്പും, പഠന ക്ലാസും ഒക്ടോബർ രണ്ടിന് പുതുവപ്പാടം കേന്ദ്രത്തിൽ നടക്കുമെന്ന് കേരള വനം വന്യജീവി വകുപ്പ് മണ്ണാർക്കാട് ഡിവിഷൻ അറിയിച്ചു. ‘കാട്ടു തീ’ സന്നദ്ധ കൂട്ടായ്മയാണ് പരിശീലന ക്യാമ്പിന്റെ സംഘാടനത്തിൽ സഹകരിക്കുന്നത്. ഫോൺ :9387549953, 9544466609