മൂന്നാർ : ഗൂഡാർവിള എസ്റ്റേറ്റ് സൈലന്റ് വാലി ഡിവിഷനിൽ പട്ടാപ്പകൽ ‘പടയപ്പ’ റേഷൻകട തകർത്തു. ഇവിടെ വേലമ്മാളുടെ ഉടമസ്ഥതയിലുള്ള 57-ാം നമ്പർ റേഷൻകടയാണ് തകർത്തത്.

വൈകീട്ട് 4.30-ന് സ്ഥലത്തെത്തിയ കൊമ്പൻ കടയുടെ മേൽക്കൂര തകർത്തു. അരിയെടുത്ത് പുറത്തിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈസമയം റേഷൻകടയുടെ നടത്തിപ്പുകാരൻ രാജ ഉൾപ്പെടെ നാലുപേർ കടയിലുണ്ടായിരുന്നു. ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. 
അരമണിക്കൂറോളം പ്രദേശത്ത് നിലയുറപ്പിച്ചശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞയാഴ്ച പടയപ്പ ലാക്കാട് ഭാഗത്ത് മറ്റൊരു റേഷൻകട തകർത്ത് അരി തിന്നിരുന്നു. കൂടാതെ, ദേവികുളം ഒ.ഡി.കെ. ഡിവിഷനിൽ ബൈക്കുയാത്രക്കാരനെ ആക്രമിച്ച് ബൈക്ക് തകർത്തു. പ്രായാധിക്യവും, ഭക്ഷണം തേടുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ആനയെ അക്രമാസക്തനാക്കുന്നത്. വനമേഖലയോടുചേർന്നുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് റേഷൻകട. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഇവിടെ പതിവാണ്.

കുറച്ചുനാളായി ‘പടയപ്പ’ അരിയോട് പ്രിയം കാട്ടുന്നുണ്ട്. ചിന്നക്കനാലിലെ ശല്യക്കാരനായ കാട്ടാന അരിക്കൊമ്പനും ഇതേ സ്വഭാവസവിശേഷതയാണ് ഉണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *