വാഷിങ്ടണ്‍: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യത കൂടുതല്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനാണെന്ന് അഭിപ്രായ സര്‍വേ. എ.ബി.സി ന്യൂസും വാഷിങ്ടണ്‍ പോസ്ററും നടത്തിയ പുതിയ സര്‍വേയിലാണ് നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനെതിരായ ജനവിധിക്കുള്ള സാധ്യത പ്രവചിക്കുന്നത്.
സര്‍വേയില്‍ ബൈഡന്റെ റേറ്റിങ് 19 ആയി കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. യു.എസ് സമ്പദ്വ്യവസ്ഥ, കുടിയേറ്റം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത രീതിയാണ് ബൈഡന്റെ ജനപ്രീതി ഇടിച്ചതെന്നും വിലയിരുത്തല്‍. ജോ ബൈഡന്റെ ഭരണകാലത്ത് തങ്ങളുടെ സാമ്പത്തികാവസ്ഥ പരിതാപകരമായെന്ന് 44 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ ബൈഡന്റെ പ്രായത്തെയും ചോദ്യം ചെയ്തു. വയസായതിനാല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാംവട്ടം മത്സരിക്കാന്‍ ബൈഡന്‍ യോഗ്യനല്ലെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ട്രംപിന് വയസായ കാര്യമാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയത്. പക്ഷേ, 2021 ല്‍ അധികാരത്തിലിരിക്കെ 38 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48 ശതമാനമായിരിക്കുന്നു. ഇതിനൊപ്പം, പ്രസിഡന്റ് എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു ട്രംപ് എന്ന് 49 ശതമാനം ആളുകള്‍ പ്രതികരിച്ചിട്ടുമുണ്ട്.
56 ശതമാനം ആളുകള്‍ ബൈഡന് ഭരണപരമായ കഴിവില്ലെന്നും ചൂണ്ടിക്കാട്ടി. ട്രംപ് ആയിരുന്നു മെച്ചമെന്നും പലരും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *