അടിമാലി : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് തുടക്കംകുറിക്കുമ്പോൾ മാലിന്യം സംസ്കരിക്കാൻ ഇടം കണ്ടെത്തുവാനാകാതെ ഹൈറേഞ്ചിലെ പഞ്ചായത്തുകൾ.
മാലിന്യനിർമാർജനത്തിന്റെ രണ്ടാംഘട്ടത്തിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഹൈറേഞ്ചിലെ മിക്ക പഞ്ചായത്തുകളും വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യം എന്തുചെയ്യണം എന്നറിയാതെ ആശങ്കയിലാണ്. തങ്ങളുടെ പഞ്ചായത്തുകളുടെ പരിമിതികളും ആശങ്കകളും പഞ്ചായത്തുകൾ വകുപ്പ് മേധാവികളെ അറിയിച്ചുകഴിഞ്ഞു.
ജില്ലയിലെ 80 ശതമാനം പഞ്ചായത്തുകൾക്കും മാലിന്യപ്രശ്നം കീറാമുട്ടിയാണ്. ഇതോടെ ദിവസേനയുള്ള മാലിന്യശേഖരണം പല പഞ്ചായത്തുകളും നിർത്തി. പകരം ആഴ്ചയിൽ ഒരു ദിവസമാക്കി.
വീടുകളിൽനിന്നു സ്വീകരിക്കുന്ന മാലിന്യങ്ങൾക്ക് കർശന നിയന്ത്രണങ്ങളും മാർഗ നിർദേശങ്ങളും ഏർപ്പെടുത്തി. എന്നിട്ടും ശേഖരിക്കേണ്ടിവരുന്ന മാലിന്യങ്ങൾക്ക് യാതൊരും കുറവും വരുന്നില്ല. പലയിടത്തും മാലിന്യസംസ്കരണ പ്ലാന്റുകൾ പ്രവർത്തനം നിലച്ചു. പ്ലാന്റ് പ്രവർത്തിക്കുന്നിടത്തും ശേഷിയുടെ മൂന്നിരട്ടി മാലിന്യമാണ് ഓരോ ദിവസവും എത്തുന്നത്.
അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി, മൂന്നാർ, രാജാക്കാട് മേഖല തുടങ്ങിയ പഞ്ചായത്തുകൾക്കാണ് പ്രധാനമായും മാലിന്യം ബാധ്യതയായിരിക്കുന്നത്. പല പഞ്ചായത്തുകളും ശേഖരിക്കുന്ന മാലിന്യം പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം വാങ്ങാനും പഞ്ചായത്തുകൾ ബുദ്ധിമുട്ടുകയാണ്. പ്രാദേശികമായി ഉയരുന്ന എതിർപ്പാണ് പ്രധാന വെല്ലുവിളി.
അടിമാലി-കുമളി ദേശീയപാതയോരത്താണ് അടിമാലി പഞ്ചായത്ത് ഓഫീസ്. ഈ പ്രദേശം മാലിന്യക്കൂമ്പാരംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഹൈറേഞ്ചിൽ ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് പദ്ധതി കർശനമാക്കാൻ വകുപ്പ് പദ്ധതി കൊണ്ടുവരുന്നത്.
രണ്ടാംഘട്ട പദ്ധതിപ്രകാരം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടത്താൻ ക്യാമറകൾ സ്ഥാപിക്കും.
മാലിന്യം ശേഖരിക്കാൻ എല്ലാ വാർഡുകളിലും കേന്ദ്രങ്ങളൊരുക്കും. അങ്കണവാടികൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ മാലിന്യശേഖരണ കേന്ദ്രങ്ങൾ നിർബന്ധമാക്കും. അപ്പോഴേക്കും മാലിന്യസംസ്കരണ കേന്ദ്രങ്ങൾ പൂർണതോതിൽ സജ്ജമായില്ലെങ്കിൽ വലിയ പ്രതിസന്ധി പഞ്ചായത്തുകൾ നേരിടേണ്ടിവരും.